Section

malabari-logo-mobile

താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാകുന്നു

HIGHLIGHTS : താനൂർ: തീരദേശത്തിന്റെ ആശാകേന്ദ്രമായ താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാകുന്നു. തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയാ...

മനു
താനൂർ:  തീരദേശത്തിന്റെ ആശാകേന്ദ്രമായ താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാകുന്നു. തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തിലാണ് താനൂര്‍ സി എച്ച് സിയെ താലൂക്ക് ആശുപത്രി ഗ്രേഡിലേക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ  യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സി എച്ച് സിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. താനൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉടന്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ നിയമസഭയില്‍ അറിയിച്ചു. താനൂര്‍ സി എച്ച് സിയില്‍ ഒഴിവുളള തസ്തികകള്‍ നികത്തും.

ഒരു പഞ്ചായത്തില്‍ ഒരു പി എച്ച് സി, ബ്ലോക്കില്‍ സി എച്ച് സി, താലൂക്കില്‍ താലൂക്കാശുപത്രി, ജില്ലകളില്‍ ജില്ലാ ആശുപത്രി എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ ഘടന. തിരൂരിലായിരുന്നു ഇതുവരെ താലൂക്ക് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഇത് ജില്ലാആശുപത്രിയായതോടെയാണ് താനൂരിന് നറുക്ക് വീണത്. താനൂരിലെ സി എച്ച് സിയില്‍ 52 പേരെ കിടത്തി ചികിത്സിപ്പിക്കാനുളള സൗകര്യമാണ് നിലവിലുള്ളത്. ദിവസേന 500 ഒ പി രോഗികളുമുണ്ട്. ജനറല്‍മെഡിസിന്‍ വിഭാഗം മാത്രമാണ് നിലവിലുള്ളത്. ഇത്രയും രോഗികള്‍ ദിവസേന ആശ്രയിക്കുന്ന ആശുപത്രിയായിട്ടും മതിയായ സംവിധാനമില്ലാത്തതും ഡോക്ടര്‍മാരുടെ അപര്യാപ്തതയും മൂലം രോഗികള്‍ വീര്‍പ്പ് മുട്ടുന്ന സാഹചര്യമാണുള്ളത്.

sameeksha-malabarinews

താലൂക്ക് ആശുപത്രിയായി ഉയരുന്നതോടെ എല്ലാവിഭാഗത്തിലും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. സി എച്ച് സിയില്‍ മതിയായ സംവിധാനമില്ലാത്തിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയെയും സ്വകാര്യആശുപത്രികളെയുമാണ് നിലവില്‍ രോഗികള്‍ ആശ്രയിക്കുന്നത്. താനൂര്‍ താലൂക്ക് ആശുപത്രി യാതാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ജനറല്‍മെഡിസിന് പുറമെ ഓര്‍ത്തോ, ഇ എന്‍ ടി, ഗൈനക്കോളജി വിഭാഗങ്ങളും ഓപ്പറേഷന്‍ തിയേറ്റര്‍, ബ്ലഡ് ബാങ്ക് സംവിധാനങ്ങളും ഉറപ്പ് വരുത്താന്‍ കഴിയും.

നാല് കോടി രൂപ ചെലവില്‍ പുതിയ ഒ പി ബ്ലോക്ക് നിര്‍മ്മിക്കാന്‍ ഫിഷറീസ് വകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതക്കും പരിഹാരമാകും.

എല്ലാ താലൂക്കുകളിലും താലൂക്ക് ആശുപത്രിയുണ്ടാവണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ താലൂക്ക് ആശുപത്രിയില്ല. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തീരദേശം ഉള്‍പ്പെടെ ദരിദ്ര ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് മറ്റൊരു ആശ്രയമില്ലെന്ന് സബ്മിഷന്‍ അവതരിപ്പിച്ച വി അബ്ദുറഹിമാന്‍ ചൂണ്ടിക്കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!