താനൂര്‍ റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എക്സ്റ്റന്‍ഷന് ഫണ്ടനുവദിച്ചു

താനൂര്‍: പതിറ്റാണ്ടുകളായുള്ള താനൂരുകാരുടെ മുറവിളിക്ക് പരിഹാരമാകുന്നു. റെയില്‍വെ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് ഇരുഭാഗവും നീട്ടാന്‍ താനൂര്‍ എം.എല്‍.എ ഫണ്ടനുവദിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. റെയില്‍വെ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അടച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താന്‍ റെയില്‍വെ അനുമതി നല്‍കുകയും അതിനുള്ള പ്രവൃത്തികളുമായി റെയില്‍വെ മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്.

റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇരുഭാഗത്തേക്കും നീട്ടുന്നതോട് കൂടി നിലവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും അനുഭവിക്കുന്ന ദുരിതത്തിന് വിരാമമാകും. കാട്ടിലങ്ങാടി സ്‌കൂളിലേക്ക് ബസിറങ്ങി പോകുന്ന വിദ്യാര്‍ത്ഥികള്‍ റെയില്‍വെ പാളം മുറിച്ച് കടക്കുകയാണ്. അപകടകരമായ ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇരുഭാഗത്തേക്കും നീട്ടുന്നത്. ബസ്സ്റ്റാന്റില്‍ നിന്നും വരുന്നവര്‍ക്ക് കാട്ടിലങ്ങാടി ഭാഗത്തേക്ക് ഇറങ്ങാവുന്ന രീതിയിലാണ് പാലം പണിയുന്നത്. ഏറെക്കാലമായി കാട്ടിലങ്ങാടി, ഒഴൂര്‍ പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങലൊന്നായിരുന്നു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എക്സ്റ്റന്‍ഷന്‍.

പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജരുമായി എം.എല്‍.എ വി. അബ്ദുറഹിമാന്‍ നടത്തിയ ചര്‍ച്ചയില്‍ പ്രവൃത്തി നടപ്പാക്കാന്‍ തീരുമാനമായിരുന്നു. അതനുസരിച്ച് റെയില്‍വെ എസ്റ്റിമേറ്റ് നല്‍കുകയും ചെയ്തു. ഈ എസ്റ്റിമേറ്റ് തുക റെയില്‍വെക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുകയനുവദിച്ചത്. എല്‍.എസ്.ജി.ഡിയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുന്നത്.