ഡിഫ്‌തീരിയ പ്രതിരോധ കുത്തിവെപ്പ്‌: താനൂരില്‍ ഒരാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കും

images (1)മലപ്പുറം: താനൂരില്‍ ഡിഫ്‌തീരിയ ബാധ മൂലം ഒരു കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ നഗരസഭ പരിധിയില്‍ 100 ശതമാനം കുത്തിവെപ്പ്‌ ഒരാഴ്‌ചയ്‌ക്കകം സാധ്യമാക്കാന്‍ ഉദ്യോഗസ്ഥരുടേയും ജന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 21 മുതല്‍ താനൂര്‍ നഗരസഭയിലെ 44 വാര്‍ഡുകളിലും കുത്തിവെപ്പ്‌ എടുക്കാത്ത കുട്ടികള്‍ക്കും ഭാഗികമായി എടുത്തവര്‍ക്കും ഒരു ആഴ്‌ചയ്‌ക്കകം കുത്തിവെപ്പ്‌ നല്‍കുന്നത്തിനുള്ള കര്‍മ പരിപാടിക്ക്‌ യോഗം രൂപം നല്‍കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌.വെങ്കടേസപതി പറഞ്ഞു. അതിനാല്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സഘടനകളുടെയും സഹായത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 100 ശതമാനം പ്രതിരോധ കുത്തിവെപ്പെന്ന ലക്ഷ്യം സാധ്യമാക്കേണ്ടതുണ്ട്‌.

താനൂര്‍ ടിവിസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ഫാറുഖ്‌, മുന്‍ മന്ത്രി കുട്ടി അഹമ്മദ്‌കുട്ടി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബുഹാജി, നഗരസഭ വൈസ്‌ ചെയര്‍മാന്‍ അഷറഫ്‌, കൗണ്‍സിലര്‍ ആറുമുഖന്‍, ഐ.എം.എയുടെ പ്രതിനിധി ഡോ. ഉമ്മര്‍, ഡോ ബിനൂബ,്‌ ഡോ. ബിന്ദു, ഡോ. സുസ്‌മിത, ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. അലിയാമു, ജില്ലാ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. രേണുക , ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ പി. രാജു. തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയ്‌ക്ക്‌ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാല്‍, മാസ്‌ മിഡിയാ ഓഫീസര്‍ ടി.എം ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പരിപാടിയോനുബന്ധിച്ച്‌ നടന്ന ബോധവത്‌കരണ ക്ലാസ്‌ ശിശുരോഗ വിദഗ്‌ധന്‍ ഡോ. ഹക്കിം നേതൃത്വം നല്‍കി.