കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും: നിരീക്ഷണ സംവിധാനം ഊര്‍ജ്ജിതമാക്കും -മന്ത്രി പി.തിലോത്തമന്‍

P.Thilothamanമലപ്പുറം:പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും സൂക്ഷ്‌മമായി പരിശോധിക്കുമെന്ന്‌ ഭക്ഷ്യ – സിവില്‍ സപ്ലൈസ്‌ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ റംസാന്‍ മെട്രോ ഫെയര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മില്ലുടമകളും കരിഞ്ചന്ത കച്ചവടക്കാരും കേരളീയരുടെ ജീവിതം പന്താടാന്‍ അനുവദിക്കിലെന്ന്‌ മന്ത്രി പറഞ്ഞു. ആന്ധ്രയില്‍ നിന്നു വരുന്ന ജയ അരിക്ക്‌ അഞ്ചു രൂപവരെ കൂട്ടി കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ ചില ഇടനിലക്കാര്‍ ശ്രമിച്ചിരുന്നു.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ ഒരുമാസത്തിനകം നടപടി സ്വീകരിച്ചതിനാല്‍ വിലനിയന്ത്രിക്കുന്നതിന്‌ സാധിച്ചു. സംസ്ഥാനത്തെ അരിമൊത്ത കച്ചവടക്കാര്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിച്ചിരുന്നു.പൂഴ്‌ത്തിവെപ്പ്‌ നടത്തി വിപണിയില്‍ കൃത്രിമക്ഷാമം ഉണ്ടാക്കുന്നത്‌ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുട്ടുമടക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
അരി ഉള്‍പ്പെടെ 13 അവശ്യസാധനങ്ങള്‍ക്ക്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ വില വര്‍ദ്ധിപ്പിക്കില്ലെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കി. സപ്ലൈകോയെ നവീകരിച്ച്‌ മരുന്നുകള്‍ അടക്കമുള്ള കൂടുതല്‍ ഉത്‌പന്നങ്ങള്‍ 1500 സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്‌. സര്‍ക്കാര്‍ ഏറ്റെടുത്ത വലിയ ചുമതല നടപ്പാക്കുന്നതിന്‌ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു. 20 മുതല്‍ 62 ശതമാനം വരെയാണ്‌ സബ്‌സിഡിയോടെ ഉത്‌പന്നങ്ങള്‍ ലഭിക്കുക. സബ്‌സിഡി ഇല്ലാത്തവക്കും 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്‌. ഇത്തരം ഗുണമേന്മയുള്ള ഉത്‌പന്നങ്ങള്‍ വാങ്ങിച്ച്‌ പൊതുജനങ്ങളും സപ്ലൈകോയുമായി സഹകരിക്കണമെന്ന്‌ മന്ത്രി അറിയിച്ചു.
പാപ്പിരിപ്പാറ, വാലഞ്ചേരി എന്നിവടിങ്ങളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കണമെന്നും കൂടുതല്‍ മാവേലി സറ്റോറുകളും ഉത്‌പന്നങ്ങളും ലഭ്യമാക്കണമെന്നും പരിപാടിയില്‍ അധ്യക്ഷനായ പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു.
മലപ്പുറം നഗരസഭ വാര്‍ഡ്‌ കൗണ്‍സിലര്‍ സലീന റസാക്കിന്‌ ഉത്‌പന്നങ്ങള്‍ കൈമാറി മന്ത്രി ആദ്യ വില്‌പന നടത്തി. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ്‌ മാനെജിങ്‌ ഡയറക്‌ടര്‍ ഡോ. ആഷാ തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, മുനിസിപ്പല്‍ ചെയര്‍ പോഴ്‌സന്‍ സി.എച്ച്‌ ജമീല, ജില്ലാ സപ്ലൈ ഓഫീസര്‍ നോബര്‍ട്ട്‌, വാര്‍ഡ്‌ കൗണ്‍സിലര്‍ സലീന റസാഖ്‌, സപ്ലൈകോ റീജനല്‍ മാനെജര്‍ ജയ്‌സണ്‍ ജേക്കബ്‌, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.