മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ച പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ച പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഫ്‌ളാഷ്‌മോബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സംഘടിത ആക്രമണമാണ് ഒരു വിഭാഗം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെ വ്യക്തിപരമായി അധിക്ഷേപിച്ചും അവര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയുമായിരുന്നു ഇക്കൂട്ടരുടെ സൈബര്‍ ആക്രമണം.