ഡിഫ്‌തീരിയ: ഒരു ലക്ഷത്തോളം പേര്‍ക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കി

difteriaമലപ്പുറം: ജില്ലയില്‍ പടര്‍ന്നു പിടിച്ച ഡിഫ്‌തീരിയയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ പുരോഗതി. തീരെ കുത്തിവയ്‌പ്‌ എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയ 16 വയസില്‍ താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക്‌ ജൂലൈ 11 വരെയായി പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു.

ജൂലൈ ഒന്‍പത്‌ വരെയുള്ള കൃത്യമായ കണക്കെടുപ്പ്‌ പ്രകാരം 93,553 പേര്‍ക്കാണ്‌ ജില്ലയില്‍ കുത്തിവെയ്‌പ്‌ നല്‍കിയത്‌. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കുട്ടികള്‍ക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതുതായി മൂന്ന്‌ ലക്ഷത്തോളം ടി.ഡി. വാക്‌സിന്‍ രണ്ട്‌ ദിവസത്തിനകം ജില്ലയിലെത്തും. സ്‌കൂളുകളില്‍ നടന്നു വരുന്ന അധ്യാപക- രക്ഷാകര്‍തൃ ബോധവത്‌ക്കരണ പരിപാടികള്‍ പൂര്‍ത്തിയാകുന്നതോടെ മരുന്നുകള്‍ വിതരണം ചെയ്യും.

ഡിഫ്‌തീരിയ ലക്ഷണങ്ങളോടെ 27 പേരാണ്‌ ഇതിനകം ജില്ലയില്‍ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. ഇവരില്‍ മരണപ്പെട്ട രണ്ട്‌ പേര്‍ ഉള്‍പ്പെടെ അഞ്ച്‌ പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.