ജയിലുകളില്‍ സാക്ഷരതാ പ്രവര്‍ത്തനം: മഞ്ചേരി സബ്‌ ജയിലില്‍ തുടക്കം

മലപ്പുറം: ജില്ലയിലെ ജയിലുകളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിപാടി ജൂണ്‍ 24ന്‌ മഞ്ചേരി സബ്‌ ജയിലില്‍ നടക്കും. രാവിലെ 10ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയാകും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ പ്രസിദ്ധീകരിച്ച 14 പുസത്‌കങ്ങളും സാക്ഷരതാ മിഷന്റെ പാഠാവലിയും സബ്‌ ജയില്‍ ലൈബ്രറിയിലേയ്‌ക്ക്‌ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി കൈമാറും.
72 പുരുഷന്മാരും നാല്‌ സ്‌ത്രീകളുമായി 76 പേരാണ്‌ നിലവില്‍ മഞ്ചേരി സബ്‌ ജയിലിലുള്ളത്‌. പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ സബ്‌ ജയിലുകളിലും ജില്ലാ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകാര്യാലയം, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവരുടെ ആഭിനുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.