അധികാര വികേന്ദ്രീകരണത്തിന്റെ പരിമിതികള്‍ പഠിക്കാന്‍ നിയമസഭ മുന്‍കൈയെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ജനകീയാസൂത്രണത്തിന്റെ സാധ്യതകളും പരിമിതികളും വിലയിരുത്താന്‍ നിയമസഭ മുന്‍കൈയെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനകീയാസൂത്രണത്തിന്റെ ഫലം എന്തായിരുന്നുവെന്ന് പരിശോധിക്കാന്‍ അക്കാദമിക് തലത്തിലും ജനകീയ തലത്തിലും പഠനങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. അധികാരവികേന്ദ്രീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കുന്നതിന് നിയമ തടസ്സങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തുകള്‍ക്ക് നല്‍കിയ അധികാരം വിനിയോഗിക്കാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് പരിശോധിക്കപ്പെടണം. പങ്കാളിത്ത ജനാധിപത്യത്തിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ നാടിന്റെ വികാരങ്ങളുടെ പരിഛേദമാകും. അതിന് ജനകീയ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതുണ്ട്. പദ്ധതി രൂപീകരണത്തിന്റെ അവസാന വാക്ക് ഇന്നും ഉദ്യോഗസ്ഥ തലത്തില്‍ കേന്ദ്രീകരിക്കപ്പെടു അവസ്ഥയാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റ വകുപ്പിന് കീഴിലാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരു മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ഇതുമൂലം ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തുമ്പോള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുവാനും വകുപ്പിന്റെ ഏകീകരണം സഹായകമാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞു. ഇപ്പോള്‍ ആറ് സെക്രട്ടറിമാരുടെ ഒഴിവുകള്‍ മാത്രമാണ് നികത്താനുള്ളത്. 2848 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി വിവിധ തസ്തികകളില്‍ നിയമിച്ചു. അടുത്ത പഞ്ചായത്ത് ദിനാഘോഷമാകുമ്പോഴേക്കും മുഴുവന്‍ ഒഴിവുകളും നികത്തുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
മഞ്ഞളാംകുഴി അലി എം.എല്‍.എ, കെ.ജി.പി.എ ജനറല്‍ സെക്രട്ടറി അഡ്വ. പി. വിശ്വംഭരപ്പണിക്കര്‍, ജില്ലാ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ മധു, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഗ്രാമവികസന കമ്മീഷണര്‍ കെ.രാമചന്ദ്രന്‍ ഐ.എ.എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമ, ക്രൂസ് ചെയര്‍മാന്‍ പി.വി.സുനില്‍, ഗ്രാമപഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ മേരിക്കുട്ടി ഐ.എ.എസ്, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലിം, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.സുഭാഷ്, കെ.ജി.പി.എ സെക്രട്ടറി എച്ച്. മുഹമ്മദ് നിയാസ്, കെ.ജി.പി.എ മലപ്പുറം ജില്ലാപ്രസിഡന്റ് എ.കെ. നാസര്‍, സെക്രട്ടറി ടി. സത്യന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പെഴ്‌സ ഡോ. ടി.എന്‍ സീമ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കു പഞ്ചായത്ത് ദിനാഘോഷം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം രാവിലെ 10 ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് രണ്ട് മണിക്ക് നടക്കുന്ന സമാപനസമ്മേളനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വിതരണവും മന്ത്രി നിര്‍വഹിക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.