പീഡന കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി അത്തിപ്പാറ തമ്പമണ്ണ തുണ്ടിക്കാട്ടില്‍ രാജേഷ് (23)നെയാണ് അറസ്റ്റ് ചെയ്തത്. 17കാരിയുമായി പ്രതി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു.
ഇക്കഴിഞ്ഞ എട്ടിന് കോളേജിലേക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബൈക്കില്‍ കയറ്റിയ പെണ്‍കുട്ടിയെ പ്രതി തിരുവമ്പാടി അടിവാരത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസാണ് ഇരുവരെയും കണ്ടെത്തിയത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.