ഒഴുക്കൽ വള്ളങ്ങളും മടങ്ങി: ആഴക്കടൽ നോമ്പുതുറക്ക് സമാപ്തി

പരപ്പനങ്ങാടി:  ആകാശനീലിമ ക്ക് കീഴെ സൂര്യാസ്തമയ പ്രഭ യുടെ നേർകാഴ്ച്ചകൾ കണ്ട് ആഴക്കടലിൽ നോമ്പു തുറന്ന വരും മടങ്ങി – ശാന്ത ഗംഭീര നോമ്പുതുറക്ക് സാക്ഷ്യം വഹിച്ച “ഒഴുക്കൽ” വള്ളങ്ങളിലെ തൊഴിലാളികളാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കടൽ നോമ്പുതുറ യോട് സലാം പറഞ് തീരമണഞ്ഞത്.       ബോട്ടുകളിലും ഒഴുക്കൽ വള്ളങ്ങളിലും മീൻ പിടിക്കാനിറങ്ങുന്ന വിശ്വാസികളായ തൊഴിലാളികൾ കടലിൽ വെച്ചാണ് നോമ്പുതുറക്കുന്നതും അത്താഴമുണ്ണുന്നതും പ്രാർത്ഥന നടത്തുന്നതുമല്ലാം .

ജൂൺ പതിനഞ്ചോടെ ട്രോളിംഗ് നിരോധനം ആരംഭിച്ചതിനാൽ ബോട്ടുകൾ റമദാനിന്റെ ആദ്യ തുറകൾക്ക് മാത്രമെ ഇത്തവണ ആഴക്കടലിലുണ്ടായിരുന്നൊള്ളൂ.  എന്നാൽ ആഴക്കടലിനും തീര കടലിനും മധ്യേ ഒന്നുംരണ്ടും  ദിവസം കടലിൽ അന്തിയുറങ്ങി മതസ്യ ബന്ധനം നടത്തുന്ന ഒഴുക്കൽ വള്ളങ്ങൾ  നിരോധനത്തിന്റെ പരിധിയിൽ വരാത്തതിനാൽ കടൽ നോമ്പുതുറയുടെ കാവലാളുകളായി വ്യാഴാഴ്ച വരെ തൊഴിലും പ്രാർത്ഥനയുമായി കടലിൽ സജീവമായിരുന്നു.

നോമ്പുതുറക്കാവശ്യമായ  പത്തിരിയും കറിക്കൂട്ടുകളും പഴങ്ങളുമായി കടലിലിറങ്ങുന്ന ഒഴുക്കൽ വള്ളങ്ങളിൽ രണ്ടോ മൂന്നോ തൊഴിലാളികളുടെ സാന്നിധ്യമെയുണ്ടാവറൊള്ളൂ.   ഉച്ചയോടെ അന്നം തേടി കടലിലിറങ്ങുന്ന വള്ളങ്ങൾ  തങ്ങളുടെ നോമ്പുതുറക്കും അത്താഴത്തിനും മുത്താഴത്തിനുമാവശ്യമായ മത്സ്യം ചൂണ്ടയിട്ട് പിടിക്കും.  പിന്നീട് ഒരാൾ മത്സ്യ പൊലിപ്പ് സാനിധ്യത്തിന്റെ വഴികൾ തേടി കടലിൽ വല വിരിക്കും. മറ്റുളളവര്‍ നോമ്പുതുറക്കും തുടർന്നുമുള്ള  ഭക്ഷണവും പാകം ചെയ്തൊരുക്കും. നേരത്തെ തയാർ ചെയ്ത് വെച്ച സ്റ്റൗ അടുപ്പിൽ നിന്ന് പുക ഉയരുന്നതോടെ ആഴക്കടലിലെ  ആകാശപന്തലിൽ രുചിയുടെ തിര നാളങ്ങളുയരും.

കടലിൽ മത സംഘടനകളുടെ വാശിയും പരസ്പ്പര തോൽപ്പിക്കലുമില്ലാത്തതിനാൽ കരയിലെ പോലെ മഗ്രിബ് ബാങ്കുവിളിക്കാൻ രണ്ടു മൂന്നും സമയങ്ങളില്ല. സൂര്യാസ്തമയത്തിന്റെ നേർകാഴ്ചകൾ കണ്ട് എല്ലാവരും ഒരേ സമയം നോമ്പുതുറക്കും. പ്രാഥമിക നോമ്പ് തുറക്ക് ശേഷം തോണിയിലെ ചെറിയ സൗകര്യത്തിനിടയിൽ മഗ്രിബ് നമസ്ക്കാരം. തുടർന്ന് ചൂണ്ടയിലമർന്ന  പിട പിടക്കുന്ന മത്സ്യം തിളച്ചു മറിഞ്ഞ ചട്ടി തുറന്നും  , കരുതി വെച്ച പത്തിരി പൊതിയുമഴിച്ച്  ആദ്യ ദിവസത്തെ ആദ്യ നോമ്പുതുറ കുശാലാക്കും  . മുത്താഴ കഞ്ഞിയും  അത്താഴക്കൂട്ടുമല്ലാം കടലോളം ആനന്ദം പകരുന്നതാണ്.

റമദാൻ രാവിലെ സുദീർഘമായ പ്രാർത്ഥനകളും   മനപാഠമാക്കി വെച്ച ഖുർആൻ വചനങ്ങളുടെ പരായണത്തിനുമെല്ലാ‌o ഇവരിൽ പലരും മനസുവെക്കുന്നു.   അനുഷ്ഠാനങ്ങൾ ആത്മാർത്ഥതകൊണ്ട് നിശബ്ദത പുൽകി നിൽക്കുന്നതും ,ഏത് കടലലകളുടെ ഇരുട്ടറയിലും സൃഷ്ടാവിന്റെ നിയമ നിരദേശങ്ങൾക്ക്നുസൃതമാണ് തന്റെ ജീവിതമെന്നും ഇവർ ആരെയും ബോധ്യപെടുത്താതെ സാക്ഷ്യപെടുത്തുന്നു.   അയക്കൂറ, ആവോലി, സൂധ തുടങ്ങീ വില പിടിപ്പുള്ള മത്സ്യങ്ങൾ തേടിയാണ് ഇവർ കടലിൽ അന്തിയുറങ്ങി സാഹസിക മത്സ്യ ബന്ധനത്തിനിറങ്ങുന്നത്. ഇരുൾ മുറ്റിയ കടലലകൾക്ക് മീതെ രാപ്പകൽ മറന്ന സാഹസിക മത്സ്യ ബന്ധനത്തിന്  പുതിയ തലമുറക്ക് താല്പര്യം കുറവാണ്. അത് കൊണ്ട് തന്നെ സംസ്ഥാനത്തെ ചുരുക്കം ചില കടലോരങ്ങളിൽ മാത്രമെ ഇപ്പോൾ “ഒഴുക്കൽ”  മത്സ്യ വള്ളങ്ങളൊള്ളൂ.

വിദേശ കമ്പനികളുടെ കപ്പലുകൾക്ക് മത്സ്യ ബന്ധനത്തിന് അനുമതി കൊടുത്തതു മുതൽ  പഴയകാല ചാകര തങ്ങളെ തേടി വന്നിട്ടില്ലന്ന് ഒഴുക്കൽ വള്ളങ്ങളിലെ തൊഴിലാളികൾ പറയുന്നു. ആദ്യകാലങ്ങളിൽ ഒറ്റ ദിവസം കടലിൽ അന്തിയുറങ്ങിയാൽ തന്നെ കൈ നിറയെ മത്സ്യം ലഭിക്കാറുണ്ടായിരുന്നെന്നും ഇവർ പറഞ്ഞു.   ഒഴുക്കൽ വള്ളങ്ങളിലെ രണ്ടു പേർക്ക് രാത്രി കാലങ്ങളിൽ സുഖമായി ഉറങ്ങാമെങ്കിലും ഒരാൾ തോണിയിൽ ഉയർത്തിവെച്ച പാനീസ് വിളക്ക് വെട്ടത്തിന്റെ ബലത്തിൽ ഉറക്കമൊഴിഞ് പുലരുന്നത് വരെ കടൽ നിരീക്ഷണം നടത്തും.  സൂര്യോദയത്തിന്റെയും ആകാശ വെള്ളകീറടയാള പ്രത്യക്ഷമാകലിന്റെയും സമയമാകുന്നതോടെ മറ്റുള്ളവരെ അത്താഴത്തിന് വിളിച്ചുണർത്തേണ്ട ഡ്യൂട്ടിയുമിദ്ധേഹത്തിനു തന്നെ .

ചെറിയ പെരുന്നാളാഘോഷത്തിന് നാടണഞ്ഞ ഒഴുക്കൽ തൊഴിലാളികൾക്ക് അവസാനത്തെ രണ്ടോ മൂന്നോ നോമ്പുതുറകൾ വീട്ടുകാരോടപ്പം കഴിയാനും അല്ലങ്കിൽ കൂട്ടുകാരോടപ്പം നാട്ടിലെ ഇഫ്ത്താറുകളിൽ പങ്കുകൊള്ളാനും വഴിയൊരുക്കും. പക്ഷെ ശാന്തതയുടെ ഓളങ്ങൾ കിന്നാരം പറയുന്ന ആകാശനക്ഷത്ര പന്തലിലെ ആഴക്കടൽ തുറക്ക് തുല്യമായി  മറ്റൊരു തുറയില്ലന്നാണ് കടലിന്റ മക്കളുടെ ” ഖൽബ് “.