Section

malabari-logo-mobile

കുട്ടികള്‍ കുറ്റവാളികളും ഇരകളുമാക്കപ്പെടുന്നത്‌ തടയും : രക്ഷിതാക്കള്‍ക്ക്‌ ബോധവത്‌ക്കരണം നല്‍കും

HIGHLIGHTS : മലപ്പുറം: കുട്ടികള്‍ കുറ്റവാളികളും ഇരകളുമാക്കപ്പെടുന്ന അവസ്ഥ ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബോധ...

Untitled-1 copyമലപ്പുറം: കുട്ടികള്‍ കുറ്റവാളികളും ഇരകളുമാക്കപ്പെടുന്ന അവസ്ഥ ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബോധവത്‌ക്കരണം നല്‍കേണ്ടത്‌ അനിവാര്യമാണെന്ന്‌ ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കിടേസപതിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സര്‍ക്കാരിതര സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത്‌ മറ്റ്‌ പല കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കുന്നതോടൊപ്പം മറ്റുള്ളവരാല്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യവുമുണ്ടാവുകയാണ്‌. സ്‌കൂളുകളില്‍ ബൈക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത്‌ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. ഇന്റര്‍വെല്‍ സമയത്ത്‌ മൊബൈലില്‍ ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ ബൈക്കെടുത്ത്‌ നിശ്ചിത സ്ഥലത്തെത്തി 10 മിനിറ്റിനകം തിരിച്ച്‌വരികയും ഇത്‌ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ്‌. അതിനാല്‍ പ്രായപൂര്‍ത്തിയാവുന്നതിന്‌ മുന്‍പ്‌ ബൈക്ക്‌ ഉപയോഗിക്കാന്‍ സമ്മതിക്കുകയും സ്‌കൂളിലേക്ക്‌ മൊബൈല്‍ ഫോണ്‍ കൊടുത്തയയ്‌ക്കുകയും ചെയ്യുന്ന മാതാപിതാക്കളെ ലക്ഷ്യമാക്കി ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ബൈക്കില്‍ മൂന്ന്‌ പേര്‍ യാത്ര ചെയ്യുന്നത്‌ കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കുറ്റാരോപിതരായ കുട്ടികളേയും മാതാപിതാക്കളേയും തിരുത്തല്‍ നടപടിയുടെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ മുഖേന എടപ്പാളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡ്രൈവേസ്‌ ട്രെയിനിങ്‌ ആന്‍ഡ്‌ റിസേച്ച്‌ സെന്ററില്‍ പരിശീലനത്തിനയയ്‌ക്കാനും തീരുമാനമായി.
ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേനെ വിവിധ തരത്തിലുള്ള ലഹരി വസ്‌തുക്കള്‍ ജില്ലയിലെത്തുന്നുണ്ട്‌. സിഗരറ്റ്‌ കൂടാതെ പുകയിലയുടെ കൂടെ കഞ്ചാവ്‌ ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്‌. ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചാല്‍ കണ്ണ്‌ ചുവക്കുന്നത്‌ തടയാന്‍ കണ്ണിലൊഴിക്കുന്നതിന്‌ പ്രത്യേക ദ്രാവകവും ഉപയോഗിക്കുന്നുണ്ട്‌. അതിനാല്‍ രക്ഷിതാക്കള്‍ സ്‌കൂളിലേയ്‌ക്ക്‌ പണം, ബൈക്ക്‌, മൊബൈല്‍ ഫോണ്‍ എന്നിവ കൊടുത്ത്‌ വിടുന്നത്‌ നിയന്ത്രിക്കുന്ന വിധത്തിലുള്ള നിരീക്ഷണ- ബോധവത്‌കരണ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുക.

sameeksha-malabarinews

ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക്‌ ലഹരിമുക്ത ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേയ്‌ക്ക്‌ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുമായി മാതാപിതാക്കള്‍ സഹകരിക്കുന്നില്ലെന്നത്‌ വെല്ലുവിളിയാണെന്ന്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ നിരീക്ഷണത്തിനും ഏകോപനത്തിനുമായി എല്ലാ മാസവും പെരിന്തല്‍മണ്ണ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ കലക്‌റ്ററേറ്റില്‍ യോഗം ചേരും. കൂടാതെ രണ്ട്‌ മാസത്തിലൊരിക്കല്‍ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്‌റ്ററുടെ അധ്യക്ഷതയില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ബാലവിവാഹത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പെരിന്തല്‍മണ്ണ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌,വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍,സര്‍ക്കാരിതര ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!