മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂ 12 ലേക്ക് മാറ്റി.

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് ബാധ വ്യാപനം സംബന്ധിച്ച് ആശങ്കയില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, എന്‍ട്രന്‍സ്/ പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ ക്ലാസുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആര്‍.ഡി.ഒ.ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. പൊതു പരിപാടികള്‍ അനുവദിക്കില്ല. ജില്ലയില്‍ കിലയുടെ ആഭിമുഖ്യത്തില്‍ ജന പ്രതിനിധികള്‍ക്ക് നടത്താന്‍ നിശ്ചയിച്ച പരിശീലന പരിപാടി മാറ്റി വക്കാന്‍ ഡയരക്ടറോട് ആവശ്യപ്പെടുമെും കലക്ടര്‍ അറിയിച്ചു.

അവധി ദിവസങ്ങളില്‍ അധ്യാപകര്‍ സ്ഥാപനങ്ങളില്‍ വരേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള വിവരം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കാന്‍ വിദ്യാഭ്യാസ ഡപ്യുട്ടി ഡയരക്ടറോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.നിപ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്കയുടെ വലിയ ഒരു ഘട്ടം ജൂണ്‍ 11 ന് തീരുമെന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. വൈറസുകള്‍ക്ക് ശരീരത്തില്‍ കയറി രോഗമുണ്ടാക്കാനുള്ള ശേഷി കഴിയുന്ന ഈ ഘട്ടത്തില്‍ രോഗം ആര്‍ക്കും വരാതിരുന്നാല്‍ ഭീതി പൂര്‍ണമായും ഇല്ലാതാവും.