‘തുറന്ന സ്ഥലത്ത്‌ മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ല’ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം

445572മലപ്പുറം: ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും ശൗചാലയ സൗകര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക്‌ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. തുറന്ന സ്ഥലത്ത്‌ മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി മലപ്പുറത്തെ മാറ്റുന്നതിന്‌ 26 ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ 4045 ശൗചാലയ നിര്‍മാണ പദ്ധതികള്‍ക്കാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്‌ഹോക്‌ ഡി.പി.സി. അംഗീകാരം നല്‍കിയത്‌. 53 ഗ്രാമപഞ്ചായത്തുകളുടെ 6343 കക്കൂസ്‌ നിര്‍മാണ പദ്ധതികള്‍ക്ക്‌ ജൂണ്‍ 27 ന്‌ ചേര്‍ന്ന ഡി.പി.സി. അംഗീകാരം നല്‍കിയിരുന്നു. 14 പഞ്ചായത്തുകളില്‍ ജലനിധി മുഖേന പദ്ധതി നടപ്പാക്കുന്നുണ്ട്‌.
എല്ലാവര്‍ക്കും ശൗചാലയ സൗകര്യമുള്ളതിനാല്‍ വളവന്നൂര്‍ പഞ്ചായത്ത്‌ പദ്ധതി സമിര്‍പ്പിച്ചിട്ടില്ല. ഇതോടെ ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലെയും ഒ.ഡി.എഫ്‌. (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) പദ്ധതികള്‍ക്ക്‌ അംഗീകാരമായി. കേരളപ്പിറവിയോടനുബന്ധിച്ച്‌ കേരളത്തെ തുറന്ന സ്ഥലത്ത്‌ മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്‌ എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ശൗചാലയ നിര്‍മാണത്തിന്‌ പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതി സമര്‍പ്പിക്കാത്ത പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി ഡി.പി.സി. അംഗീകരിക്കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ജില്ലയിലെ 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 ലെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ കെ. പ്രകാശന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.