പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ പഴയ നോട്ടുകളുമായി 3 പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ ശനിയാഴ്ച രാത്രിയാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പട്ടിക്കാട് മണ്ണര്‍മല സ്വദേശി തളത്തില്‍ നിസാം(27), പെരിന്തല്‍മണ്ണ തേക്കിന്‍കോട് പട്ടത്ത് ഹൗസില്‍ റംസാദ്(25), പൊന്ന്യാകുറിശിയിലെ കുഞ്ഞിമൊയ്തു(44) എന്നിവരാണ് പിടിയിലായത്.

കള്ളപ്പണം വെളിപ്പിക്കുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പഴയ നോട്ടുകള്‍ പകുതി വിലകൊടുത്ത് വാങ്ങി എന്‍ആര്‍ഐ അക്കൗണ്ട് വഴി പുതിയ നോട്ടുകളാക്കി മാറ്റുകയാണ് രീതി. നേരത്തെയും പെരിന്തല്‍മണ്ണ പോലീസ് ഇത്തരം സംഘത്തില്‍പ്പട്ടവരെ പിടികൂടിയിരുന്നു.