പെരിന്തല്‍മണ്ണയില്‍ ജ്വല്ലറിയിലേക്ക് വെടിവെച്ച പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ : ജ്വല്ലറിയിലേക്ക് വെടിവച്ച പ്രതിയെ റിമാന്‍ഡ്ചെയ്തു. പുലാമന്തോളിലെ കാഞ്ഞിരകടവത്ത് ജ്വല്ലറിയിലേക്ക് വെടിവച്ച സംഭവത്തില്‍ പ്രതിയായ ഇരിമ്പിളിയം സ്വദേശി തുടിമ്മല്‍ ആഷിഖ്റഹ്മാ (ബാബു- 35)നെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്ചെയ്തത്. വെള്ളിയാഴ്ച രാത്രി 7.30-നാണ് സംഭവം. ചില്ലുകള്‍ ചിതറിത്തെറിച്ച് ജ്വല്ലറി ഉടമ കഞ്ഞിരക്കടവത്ത് ഹസ (64)ന് പരിക്കേറ്റിരുന്നു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ആശുപത്രിവിട്ടതോടെയാണ് അറസ്റ്റ്ചെയ്തത്. സ്വര്‍ണക്കട ഉടമ ഹസനുമായി പ്രതിക്ക് പണമിടപാട് ഉണ്ടായിരുന്നെന്നും ആവശ്യപ്പെട്ടിട്ടും പണം കിട്ടാത്തതിനാല്‍ ഭയപ്പെടുത്താനാണ് വെടിയുതിര്‍ത്തതെന്നും ആഷിഖ്റഹ്മാന്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. ഭയപ്പെടുത്തിയുള്ള മോഷണശ്രമമായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.