എസ്എന്‍എം സ്‌കൂളില്‍ സ്മാര്‍ട്ട് 40 സമാപിച്ചു

പരപ്പനങ്ങാടി: വിവിധ കാരണങ്ങള്‍ കൊണ്ട് പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സ്മാര്‍ട്ട് 40 മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് സമാപിച്ചു.

പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പി കെ മുഹമദ് ജമാല്‍(ഇശ അത്തല്‍ ഇസ്ലാം സംഘം പ്രസിഡന്റ്) നിര്‍വഹിച്ചു. ബെല്ല ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പരപ്പനങ്ങാടി അഡീഷണല്‍ എസ്‌ഐ മോഹന്‍ദാസ്, അസിസ്റ്റന്റ് എസ്‌ഐ സുരേഷ് കുമാര്‍, പി ടി എ പ്രസിഡന്റ് അഹമ്മദ് റാഫി, പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ ടീച്ചര്‍,സുബൈര്‍, അഷറഫ്, ഉബൈസ്,അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

സംയോജിത ബാല സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്‌കൂളില്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് സ്മാര്‍ട്ട് 40.

ജില്ലയില്‍ തെരഞ്ഞെടുക്കുപ്പെട്ട 20 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ഉതകുന്ന നിരവധി പരിപാടികള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ഗ്രൂപ്പ് ഡൈനാമിക്‌സ് എന്നിവ ക്യാമ്പില്‍ നടന്നു.