പ്രാർത്ഥനയിൽ മുഴുകി പതറാതെ ആ ഉമ്മ പിടിച്ചു നിന്നു. : ചലനമറ്റു കിടക്കുന്ന ഇക്കാക്ക യെ കണ്ട് സക്കരിയ്യ നോവുകൾ മറന്നു

 പരപ്പനങ്ങാടി: ദുബൈയിൽ വെച്ച് ഹൃദയാഘാത മൂലം മരിച്ച പരപ്പനങ്ങാടി സ്വദേശിയും ബാംഗ്ലൂർ സ്ഫോടന കേസിലെ വിചാരണ തടവുകാരനായ കോണിയത്ത് സക്കരിയയുടെ സഹോദരൻ മുഹമദ് ശരീഫിന് നാടിന്റെ പ്രാർത്ഥനാ നിർഭരമായ യാത്രാമൊഴി. സഹോദരന്റെ മരണാനന്തര കർമങ്ങളിൽ വിചാരണകോടതിയുടെ പ്രത്യേക അനുമതിയോടെ പങ്കെടുക്കാനെത്തിയ കോണിയത്ത് സക്കരിയയും മുഹമ്മദ് ശരീഫിന്റെ ഭൗതിക ശരീരവും ഒരേ സമയം തൊട്ടുപിറകിലെന്നോണം കോണിയത്ത് വീട്ടിലെത്തിയപ്പോള്‍
ബന്ധുമിത്രാദികളുൾപ്പടെ കൂടി നിന്ന നൂറു കണക്കിനാളുകളുടെ ചങ്കിടറി.

പ്രദേശവാസികളായ പി.കെ അബ്ദുറബ് എം എൽ എ, ഫ്രീ സക്കരിയ ആക്ഷൻ കമ്മറ്റി ചെയർമാനും മുനിസിപ്പൽ കൗൺസിലറുമായ അശറഫ് ശിഫ, എസ് ടി യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമൽ, മുനിസിപ്പൽ വാർഡ് കൗൺസിലർ സെയ്തലവി കടവത്ത്, ഫ്രീ സക്കരിയ ആക്ഷൻ കമ്മറ്റി നേതാക്കളായ സമീർ കോണിയത്ത്, ശുഹൈബ് കോണിയത്ത്, സോളിഡാരിറ്റി യൂനിറ്റ് അദ്ധ്യക്ഷൻ പി.ടി റഹീം, അബ്റാർ മഹല്ല് പ്രസിഡന്റ് പി.കെ അബൂബക്കർ ഹാജി, സിദ്ധീഖ് തെക്കേപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾ നിയന്ത്രിക്ക പെട്ടു .

കാൽ നൂറ്റാണ്ടു മുന്‍മ്പ്‌ പറക്കമുറ്റാത്ത നാലു മക്കളെയും തന്നെയേൽപ്പിച്ചു പോയ പ്രിയതമന്റെ വേർപേട് മനസിലൊതുക്കി മക്കളെ അനാഥത്വത്തിന്റെ നോവറിയിക്കാതെ പോറ്റി വളർത്തിയ കോണിയത്ത് ബിയുമ്മയുടെ ജീവിതം കണ്ണീർ കടലാണ്. പഠനം മതിയാക്കി പതിനെട്ടു വയസു തികയുന്ന മാത്രയിൽ ഉമ്മയുടെയും കുടുംബ ത്തിന്റെയും പട്ടിണി മാറ്റാൻ തന്നാലാവുന്നത് തേടി ജോലിക്കിറങ്ങിയ സക്കരിയ എട്ടു വർഷമായി ചെയ്ത തെറ്റെന്തെന്ന് കേൾക്കാതെയും ബോധ്യപെടുത്താതെയും കർണാടകയിലെ ജയിലകത്ത് വിചാരണ തടവുകാരനായി കഴിയേണ്ടി വരുന്നതിൽ ബിയ്യുമ അനുഭവിച്ച് തീർത്ത വേദനയുടെ ആഴം ആർക്കും എത്തിനോക്കാനാവാത്തതാണ്. അതിനിടെയിലാണ് കുടുംബത്തിന്റെ അത്താണിയായ മുഹമ്മദ് ശരീഫിന്റെ ചലനമറ്റ ശരീരം വ്യാഴാഴ്ച കോണിയത്ത് വീട്ടിലെത്തിയത്.

ഇക്കാക്കയുടെ കല്യാണം കൂടി ജയിലിലേക്ക് തിരിച്ചു പോയ സക്കരിയയുടെ അടുത്ത വരവ് നിരപരാധിത്വത്തിന്റെ ക്ലീൻ ചീട്ടുമായി പെരുന്നാൾ ആഘോഷത്തോടെയാകുമെന്ന് ബന്ധുക്കളെല്ലാവരും പറഞ്ഞിരുന്നു. എന്നാൽ തന്റെ അടുത്ത വരവ് പത്തു മാസത്തിനകം ഇക്കയുടെ അന്ത്യകർമ്മത്തിലേക്കാണന്ന വിധിക്ക് മുന്നില്‍ സക്കരിയ കീഴടങ്ങി.  അനുഭവിച്ചു തീർത്ത നോവുകളത്രയും സ്വയം മറന്നു നിൽക്കുന്ന കാഴ്ചയിൽ നിശബ്ദ വൈകാരികതയുടെ വാചാലത തളം കെട്ടി നിന്നു. സുരക്ഷാ ഉദ്യാഗസ്ഥരുടെ നിയന്ത്രണത്തിൽ മയ്യത്ത് നമസ്ക്കാരത്തിന് ചാപ്പപ്പടി പളളി കവാടവരെയെത്തിയ സക്കരിയയെ സുരക്ഷാ സംഘം പരപ്പനങ്ങാടി എസ് ഐ യുടെ ഉത്തരവാദിത്വത്തിൽ നമസ്ക്കാരത്തിനായി പളളിക്കകത്തെക്കും ഖബർസ്ഥാനിലേക്കും വിട്ടു കൊടുത്തു.

ക്ഷമിക്കാൻ പഠിച്ച ഉമ്മയുടെ മകനായി എല്ലാ വിധികളും ഏറ്റുവാങ്ങാനുള്ള ആത്മ ധൈര്യത്തോടെ പ്രാർത്ഥനാ ചടങ്ങുകളിൽ സക്കരിയ സജീവമായി. ഉമ്മയും ഭർതൃസഹോദരൻ സക്കരിയയും കൈകൊള്ളുന്ന ക്ഷമ യുടെ പാതയിൽ ശരീഫ്ന്റെ ഭാര്യ ഒമ്പതു മാസം ഗർഭിണിയായ ജുമാനയും നനഞു കുതിർന്ന പ്രാർത്ഥനാ മിഴികളോടെ പ്രിയതമനെ യാത്രയാക്കി.

ജമാഅതെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഫ്രീ സക്കരിയ ആക്ഷൻ ഫോറം സ്റ്റേറ്റ് നേതാക്കളായ മുഹമ്മദ് ടി. വേളം, ടി. ശാക്കിർ, കെ. എം സി സി നേതാവ് അൻവർ നഹ, മുസ്ലിം ലീഗ് നേതാക്കളായ പി സി എച്ച് തങ്ങൾ, ഉമ്മർ ഒട്ടുമൽ, ഐ ൻ എൽ സംസ്ഥാന ജില്ലാ നേതാക്കളായ സി.പി അബ്ദുൽ വഹാബ്, തയ്യിൽ അബ്ദുസമദ് , പി ഡി പി സംസ്ഥാന നേതാക്കളായ ഇബ്റാഹീം തിരൂരങ്ങാടി, സക്കീർ പരപ്പനങ്ങാടി, വെൽഫെയർ പാർട്ടി നേതാക്കളായ എം ഐ അബ്ദുൽ റഷീദ്, മുനീബ് കാരക്കുന്ന് തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി. അതിരാവിലെ മുതൽ വൻ സന്നാഹവുമായി കേരള പോലീസ് സക്കരിയ യുടെ വീട് പരിസരത്ത് നിലയുറപ്പിച്ച നടപടി വേദനാജനകമാണെന്ന് ഫ്രീ സക്കരിയ ആക്ഷൻ ഫോറം നേതാക്കൾ മന്ത്രി കെ.ടി ജലീലിനോടും എം എൽ എ മാരായ പി കെ അബ്ദുറബ് , പി ടി റഹീം എന്നിവരെയും ബന്ധപ്പെട്ട് പരാതിപ്പെട്ടതോടെ പോലീസ് സന്നാഹം പിൻവലിക്കപ്പെട്ടു.