വിജയദശമിനാളില്‍ സ്‌നേഹസംഗീതത്തിന്റെ ആതിഥ്യമൊരുക്കി ഏക് താര

By സ്വന്തം ലേഖകന്‍|Story dated:Tuesday October 11th, 2016,07 32:pm

അമ്പലങ്ങളിലെ പുസ്തകം പൂജയ്ക്ക് വെക്കലും ആയുധം പൂജിക്കലും മാത്രമായി വിജലദശമിയാഘോഷം മാറുമ്പോള്‍ തികച്ചും സര്‍ഗാത്മകമായി, ആചാരങ്ങളുടെ അതിര്‍വരമ്പുകള്‍പ്പുറത്തേക്ക് ദശമി ആഘോഷങ്ങളെ കൊണ്ടുപോവുകയാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നെടുവയിലെ ഒരു കൂട്ടം യുവാക്കള്‍.

ആറുവര്‍ഷം മുമ്പ് കലാസ്വാദകനായ മധുവും ചില സുഹൃത്തുക്കളും അദേഹത്തിന്റെ വീടായ’ഏക് താര’യുടെ മുറ്റത്ത് ഒരുക്കിയ സംഗീതസദസ് ഇന്നൊരു ഗ്രാമത്തിന്റെ തന്നെ ആഘോഷമായി മാറിയിരിക്കുന്നു.

parappanangadi-2-copy

വിജയദശമിനാളില്‍ ഇവിടെ രാവിലെ മുതല്‍ ആരംഭിച്ച സംഗീതവിരുന്നില്‍ സംഗീതത്തെ സ്‌നേഹിക്കുന്നവരും പുതുമുഖ ഗായകരുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. ആറുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ഈ മുറ്റത്ത് സംഘാടകര്‍ക്ക് പരിചയംപോലുമില്ലാത്ത നിരവധി പേരാണ് പാടാനും ആസ്വദിക്കാനുമായെത്തുന്നത്.

parappanangadi-1ഇന്നത്തെ സംഗീത വിരുന്നില്‍ കര്‍ണാടിക് സംഗീതത്തിന് പ്രാധാന്യം നല്‍കുമ്പോഴും ഹാര്‍മോണിയപ്പെട്ടിയില്‍ സലാമിന്റെ കൈവിരലുകളിലൂടെ ഒഴുകിയെത്തുന്ന ഹിന്ദുസ്ഥാനിയുടെ സാനിധ്യം ആസ്വാദകര്‍ നേഞ്ചേറ്റുന്ന കാഴ്ചയും ഹൃദ്യമായി.

ശാസ്ത്രീയ സംഗീതവും കീര്‍ത്തനങ്ങളും ചൊല്ലി സദസിന്റെ മനം കീഴടക്കിയ കൊച്ചു ദേവികയും, മൃദംഗംത്തിലും തബലയിലും മാസ്മരികത തീര്‍ക്കുന്ന രഞ്ജിത്തും, വയലിനിസ്റ്റ് ഗിരീഷും വര്‍ഷങ്ങളായി ഈ വേദിയിലെ സ്ഥിരസാന്നിദ്യമാണ്. ദിവ്യാ മിശ്രയുടെ ആലാപനവും സദസിന് നവ്യാനുഭവമായി. കീര്‍ത്തനങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോഴും ഒരു മാപ്പിളപ്പാട്ടു പാടാന്‍ കോയാക്കയ്ക്ക് എത്താനാകാത്ത സങ്കടം പറഞ്ഞുതീര്‍ക്കുകയായിരുന്നു ആതിഥേയനായ മധു ഞങ്ങളോട്.

മത്സര സംഗീതത്തെ തള്ളിപ്പറയുന്ന ഈ കൂട്ടായ്മയില്‍ ആര്‍ക്കും വന്ന് പാടമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. വരുന്നവര്‍ക്കെല്ലാം അവിലും പഴവും കട്ടന്‍ചായയും ഒരുക്കി സ്‌നേഹത്തോടെ സ്വീകരിക്കുന്ന മധുവും കുടുംബവും പ്രധാന സംഘാടകനായ വിജയകുമാറും അയല്‍ക്കാരും ഇൗ സംഗീത വിരുന്നിനെ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.

ശ്രീകോവിലിനകത്തെ ആചാരങ്ങളില്‍ നിന്നും എഴുത്തിനേയും, ആഘോഷങ്ങളേയും, സംഗീതത്തേയും പുറത്തേക്ക് കൊണ്ടുവരാനുള്ള
ഇൗ കൂട്ടായ്മയുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

വര്‍ഷത്തില്‍ രണ്ടു തവണയാണ് ഏക്താരയില്‍ സംഗീതവിരുന്നൊരുക്കാറുള്ളത്. ദശമിനാളിനു പുറമെ പുതവത്സരത്തിലും.. ഇനി ഡിസംബര്‍ 31 ലെ സംഗീതം ലഹരിയാകുന്ന ആ മെഹഫില്‍രാവിനായി കാത്തിരിക്കുകയാണ് ആസ്വാദകരും നാട്ടുകാരും….