പരപ്പനങ്ങാടിക്കാര്‍ക്ക് യാത്ര ചെയ്യാന്‍ യൂസഫിന്റെ കുതരവണ്ടിവരുന്നു

പരപ്പനങ്ങാടി:നഗരസഭയിലെ ഏറ്റവുംകൂടുതല്‍ യാത്രാക്ലേശം അനുഭവിക്കുന്ന ഗ്രാമപ്രദേശമായ ചിറമംഗലം സൌത്തില്‍ കുതിരസവാരിക്ക് കളമൊരുക്കുകയാണ് നിര്‍മാണ തൊഴിലാളിയായ കൊയപ്പവീട്ടില്‍ യൂസഫ്‌.ചിറമംഗലം സൌത്തിലെ തിരിച്ചിലങ്ങാടി,അറ്റത്തങ്ങാടി, പൂരപ്പുഴ ഭാഗങ്ങളിലെ നൂറുക്കണക്കിനു കുടുബങ്ങളിലെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ബസ്സ്‌ സര്‍വീസില്ലാതെ പ്രയാസപ്പെടുകയാണ്.

നേരത്തെ ഇവിടെ സര്‍വീസ് നടത്തിയിരുന്നബസ്സുകളും ട്രക്കറുകളുംഈറൂട്ടില്‍നിന്ന് പിന്മാറിയതോടെയാണ്‌ ഇവിടുത്തുകാര്‍ക്ക് ദുരിതമായത്. കുതിരവണ്ടി സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ സത്യമംഗത്തു നിന്ന് കുതിരയെ കൊണ്ടുവന്നിട്ടുണ്ട്.എട്ടുപേര്‍ ക്കെങ്കിലും ഒരുമിച്ചു യാത്ര ചെയ്യാനാവശ്യമായ റിക്ഷയുടെ നിര്‍മാണംപുരോഗമിക്കുകയാണെന്നും ആദ്യംചിറമംഗലം-അറ്റത്തങ്ങാടി റൂട്ടിലാണ്‌ സര്‍വീസ് നടത്തുകയെന്നുമാണ് യൂസഫ്‌ പറയുന്നത്.

പിന്നീട് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍-അറ്റത്തങ്ങാടി സര്‍വീസ് നടത്താനാണ് ആലോചിക്കുന്നത്.മോട്ടോര്‍ വാഹനമാല്ലാത്തത്കൊണ്ട്പെര്‍മിറ്റ്‌, ലൈസന്‍സ് തുടങ്ങിയ നൂലാമാലകളൊന്നും പ്രശ്നമാകില്ലെന്ന ആശ്വാസത്തിലാണ് ഈ നാല്പത്തിഎഴുകാരന്‍.നാട്ടില്‍ ആവശ്യത്തിനുള്ള പുല്ലു യഥേഷ്ടം ലഭിക്കുന്നതിനാല്‍ ഇന്ധന പ്രശ്നവും ഉദിക്കുന്നില്ല.

മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഹര്‍ത്താലും കുതിരവണ്ടിക്ക് ബാധകമാകില്ലെന്ന ആശ്വാസത്തിലാണ്.  യാത്രാ,ചരക്ക്കടത്ത് ആവശ്യങ്ങള്‍ക്കും കുതിരവണ്ടി സര്‍വീസ് ഉപയോഗപ്പെടുത്തുന്നതാണ്. ലോകതൊഴിലാളി ദിനമായ മെയ്‌ ഒന്നിന് സര്‍വീസ് ആരംഭിക്കാനാണ് നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്ന യൂസഫിന്റെ തീരുമാനം.