വനിത അംഗത്തോട് മോശമായി പെരുമാറി: പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍മാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

പരപ്പനങ്ങാടി: വില്ലേജ് ഓഫീസിലെത്തിയ പരപ്പനങ്ങാടി നഗരസഭയിലെ വനിതാ കൗണ്‍സിലറോട് മോശമായി പെരുമാറിയെന്നാരോപിച്ച് ജനകീയ വികസന മുന്നണി കൗണ്‍സിലര്‍മാര്‍ നെടുവ വില്ലേജ് ഓഫീസ് ഉപരോധിച്ചു. പോലീസും ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ആരോപണ വിധോയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം വില്ലേജ് ഓഫീസില്‍ നികുതിയടയ്ക്കാനെത്തിയ നഗരസഭാ കൗണ്‍സിലര്‍ നഫീസയെ മണിക്കൂറുകളോളം നിര്‍ത്തുകയും പിന്നീട് നികുതി അടയ്ക്കാന്‍ അനുവദിക്കാതെ പറഞ്ഞുവിടുകയുമായിരുന്നത്രെ. എന്നാല്‍ ഈ ഓഫീസില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയില്‍പ്പെട്ട ഏജന്റുമാര്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുകയാണെന്നും ഇവരുടെ ആവശ്യങ്ങള്‍മാത്രം പരിഗണിക്കപ്പെടുകയും സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുകയാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ ആരോപിച്ചു. വില്ലേജ് ഓഫീസര്‍ മാതൃകാപരമായി പെരുമാറുന്നുവെങ്കിലും മറ്റുള്ള ജീവനക്കാര്‍ വളരെ മോശമായാണ് സാധാരണക്കാരോട് പെരുമാറുന്നതെന്നും പരപ്പനങ്ങാടി വില്ലേജിലെ സ്ഥിതിയും വിഭിന്നമല്ലെന്നും കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു.

ഉപരോധത്തിന് കൗണ്‍സിലര്‍മാരായ കെ പി എം കോയ, ഹനീഫ കൊടപ്പാളി, നൗഫല്‍, ഭവ്യാരാജ് എന്നിവര്‍ നേതൃത്വം നല്‍കി.