ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി പരാതി

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തതായി പരാതി. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി മൊയങ്ങാടന്‍ ശുഹൈബ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഷുഹൈബിന്റെ തലയ്ക്കും കാലിനുമാണ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്.

ചൊവ്വാഴ്ച കോളേജിലെത്തിയെ ശുഹൈബിനോട് സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ചംഗ സംഘം ഷേര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തത് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. എന്നാല്‍ ഇതിന് വിസമ്മതിച്ച ശുഹൈബിനെ ഈ സംഘം ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നെന്ന് ശുഹൈബ് പറഞ്ഞു. പിന്നീട് ക്യാമ്പസിന് പുറത്തുവെച്ചും ശുഹൈബിന് ഇവരില്‍ നിന്നും മര്‍ദ്ധനമേറ്റു.

സംഭവം കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്ന് ശുഹൈബിന്റെ പിതാവ് മരക്കാര്‍ പറഞ്ഞു. ഹൃദ്‌രോഗിയായ തനിക്ക് ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും തന്റെ ഏക ആശ്രയമായ മകനെ റാഗ് ചെയ്യുകയും മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയതായും അദേഹം പറഞ്ഞു.

അതെസമയം ശുഹൈബ് കോളേജില്‍ നിന്നും കോഴ്‌സ് നിര്‍ത്തിപ്പോയതാണെന്നും. കോളേജില്‍ എന്തോ ആവശ്യത്തിനായി എത്തിയപ്പോള്‍ ക്യാമ്പസിന് പുറത്തുവെച്ച് ഉണ്ടായ സംഭവമാണിതെന്നും പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ.മുഹമ്മദ് മലബാറി ന്യൂസിനോട് പറഞ്ഞു. കോളേജില്‍ ശുഹൈബിന്റെ പരാതി ലഭിച്ചതായും അദേഹം സ്ഥിരീകരിച്ചു.