കാമുകിയെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

നിലമ്പൂര്‍: കാമുകിയെ തീവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കരുളായി കരിന്താര്‍ തെക്കുംപുറത്ത് വീട്ടില്‍ ജമാലുദ്ദന്‍(40) ആണ് അറസ്റ്റിലായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ അപമാനിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്ന വിവരം;14 വര്‍ഷമായി ജമാലുദ്ദീനും അയല്‍വാസിയും അകന്ന ബന്ധുവുമായ 32 കാരിയും അടുപ്പത്തിലായിരുന്നു. യുവതിയുടെ വിവാഹബന്ധം 14 വര്‍ഷം മുന്‍പ് വേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ യുവതിക്ക് ഒരു ആണ്‍കുഞ്ഞുണ്ട്. ഇവരുടെ ബന്ധത്തിനെതിരെ വീട്ടുകാരും നാട്ടുകാരും പലതവണ താക്കീതു നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ അടുപ്പം നിര്‍ത്തിയിരുന്നു. സംഭവദിവസം യുവതിയുടെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറിന്റെ ജനല്‍ചില്ല് തകരുകയും ചെയ്തിരുന്നു. രാത്രി ശൗചാലയത്തിലേക്ക് പോകാന്‍ പുറത്തിറങ്ങിയ യുവതിയെ ജമാലുദ്ദീന്‍ കയറിപിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് എതിര്‍ത്തതോടെ യുവതിയുടെ എണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പൊള്ളലേറ്റ യുവതിയെ ബന്ധുക്കള്‍ ഉടന്‍ നിലമ്പൂര്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. 35 ശതമാനം പൊള്ളലേറ്റ യുവതി അപകടനില തരണം ചെയ്തിട്ടില്ല. ജമാനുദ്ദീന്റെ കൂടെ പോകാതിരുന്നതിനാലാണ് തീകൊളുത്തിയതെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്.

ഇതെതുടര്‍ന്ന് സ്വന്തം വാഹനത്തില്‍ മധുരയിലേക്ക് കടന്ന പ്രതി പോലീസ് പിന്‍തുടരുന്നത് മനസിലായതിനെ തുടര്‍ന്ന് തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നവഴിയാണ് പോലീസ് പിടിയിലായത്. നിലമ്പൂര്‍ സി.ഐ. കെ.എം. ദേവസ്യ, പൂക്കോട്ടുംപാടം അഡീഷണല്‍ എസ്.ഐ. ശിവദാസന്‍, എസ്.സി.പി.ഒ. മനോജ്, സി.പി.ഒ. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles