നിലമ്പൂരില്‍ ബസ് ഷെല്‍ട്ടറിലേക്ക് ലോറി ഇടിച്ച്കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.പൂവ്വത്തിപൊയില്‍ ആര്യന്‍തൊടിക അബ്ബാസിന്റെ മകള്‍ ഫിദ ഫര്‍ഹാന്‍(14),മണിമൂളി രണ്ടാംപാടം മുണ്ടപ്ര ഫൈസലിന്റെ മകന്‍ മുഹമ്മദ് ഷാമില്‍(9) എന്നിവരാണ് മരിച്ചത്. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് മരിച്ച രണ്ടുപേരും. അപകടത്തില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ 9.30 ഓടെയാണ് മണിമൂളിയില്‍ സികെഎച്ചഎസ്എസ് സ്‌കൂളിനു സമീപം അപകടമുണ്ടായത്. ആദ്യം ബൈക്കിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിക്കുകയും തുടര്‍ന്ന് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.

മൈസൂരില്‍ നിന്നും കൊപ്രയുമായി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.