പുനര്‍ജനി : ഭാരതപ്പുഴ സംരക്ഷണ പദ്ധതിക്ക്‌ തുടക്കം

Story dated:Saturday June 4th, 2016,06 17:pm
sameeksha sameeksha

nilaമലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ ജില്ലാ ഭരണകാര്യാലയം ഭാരതപ്പുഴ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ‘പുനര്‍ജനി’ പദ്ധതിയുടെ ഉദ്‌ഘാടനം പരിസ്ഥിതി ദിനത്തില്‍ തവനൂരില്‍ നടക്കും. രാവിലെ 10ന്‌ തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്‌ കോളെജില്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാകും. സിനിമാ സംവിധായകന്‍ രഞ്‌ജിത്ത്‌ മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ സി. രാധാകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും. മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ പങ്കെടുക്കും. 11.30ന്‌ ‘നിള’ വേദിയില്‍ നടക്കുന്ന പരിസ്ഥിതിയും സാഹിത്യവും സംവാദത്തില്‍ കെ. ജയകുമാര്‍, സി. രാധാകൃഷ്‌ണന്‍, പി. സുരേന്ദ്രന്‍, മിനി പ്രസാദ്‌ എന്നിവര്‍ പങ്കെടുക്കും.
‘ഗായത്രി’ വേദിയില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതി പരിപാലനവും വിഷയത്തില്‍ ജാഫര്‍ പാലോട്ട്‌, വി.എം. അബ്‌ദുല്‍ ഹക്കീം, പി.വി. സജീവ്‌, മനോജ്‌ സാമുവല്‍ എന്നിവര്‍ ജൈവ വൈവിധ്യങ്ങള്‍, കേരളത്തിലെ ജലസ്രോതസുകള്‍ സത്യവും മി്യയും, വനസംരക്ഷണം, മണ്ണ്‌ സംരക്ഷണം വിഷയങ്ങളിലാണ്‌ സംസാരിക്കുക. 2.30ന്‌ ‘ഗായത്രി’ വേദിയില്‍ എം.എ റഹ്മാന്‍ സംവിധാനം ചെയ്‌ത ‘കുമരനെല്ലൂരിലെ കുളങ്ങള്‍’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും തുടര്‍ന്ന്‌ ചര്‍ച്ചയും നടക്കും.
വൈകീട്ട്‌ നാലിന്‌ നടക്കുന്ന സമാപന സമ്മേളനം തദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്‌ഘാടനം ചെയ്യും. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുക്കും. വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിക്കും. ഭാരതപ്പുഴ സംരക്ഷണ കര്‍മപദ്ധതിയുടെ സമര്‍പ്പണം ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി നിര്‍വഹിക്കും. ഡോ. അദീല അബ്‌ദുള്ള സ്വാഗതം പറയും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ അഞ്ച്‌ വരെ ‘നിളായജ്ഞം’ ഫോട്ടോ പ്രദര്‍ശനം, കാര്‍ഷിക സര്‍വകലാശാല, ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, മറ്റ്‌ പരിസ്ഥിതി സ്റ്റാളുകളുടെ പ്രദര്‍ശനം എന്നിവ നടക്കും. തുഞ്ചത്തെഴുത്തച്ചന്‍ മലയാളസര്‍വകലാശാല വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംബന്ധിച്ച നാടകവും അവതരിപ്പിക്കും.