വിദ്യാലയങ്ങളില്‍ മൊബൈല്‍ ഉപയോഗം : കര്‍ശന നിരോധനം നടപ്പാക്കും ജില്ലാ കലക്‌ടര്‍

Untitled-1 copyമലപ്പുറം: വിദ്യാലയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന്‌ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പാര്‍ണമായ സഹകരണം വേണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി ഭാസ്‌കരന്‍ പറഞ്ഞു. കലാലയങ്ങളിലും വിദ്യാലയങ്ങളിലും പോകുന്ന വിദ്യാര്‍ഥികള്‍ക്ക്‌ മൊബൈല്‍ നല്‍കുന്ന പ്രവണത രക്ഷിതാക്കള്‍ അവസാനിപ്പിക്കണമെന്നും പ്രവര്‍ത്തി സമയത്ത്‌ വിദ്യാര്‍ഥികളെ അറിയിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍ വരികയാണെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തിലെ ഫോണിലൂടെ കാര്യങ്ങള്‍ അറിയിക്കണമെന്നും കലക്‌ടര്‍ പറഞ്ഞു. ഓപറേഷന്‍ വാത്സ്യല്യയുടെ മോണിറ്ററിങ്‌ യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.
വിദ്യാര്‍ഥികള്‍ ക്ലാസ്‌ ഒഴിവാക്കി റെയില്‍വെ സ്റ്റേഷനുകളിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണമേര്‍പ്പെടുത്തുന്നതിന്‌ പൊലീസും റെയില്‍വേയും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളായ കുറ്റിപ്പുറം,പരപ്പനങ്ങാടി,തിരൂര്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്‌ റെയില്‍വെയോട്‌ കലക്‌ടര്‍ നിര്‍ദേശിച്ചു. പ്രധാന കെ.എസ്‌.ആര്‍.ടി.സി ഡിപ്പോകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചു. നവംബറില്‍ 13 കേസുകളിലായി 19 കുട്ടികളെയാണ്‌ ജില്ലയില്‍ കാണാതായത്‌. ഇതില്‍ ഒന്നൊഴികെ ബാക്കി എല്ലാവരെയും കണ്ടെത്തിയതായി പൊലീസ്‌ അറിയിച്ചു. സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തിന്നതിനെക്കുറിച്ചും ശാസ്‌ത്രീയമായ ശിശുപരിപാലന രീതികളെക്കുറിച്ചും ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ്‌ സംഘടിപ്പിക്കുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു.
കലക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ലീഗല്‍ സര്‍വീസ്‌ അതോറിറ്റി അംഗം അഡ്വ.ടി അബ്ബാസ്‌, ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ പ്രൊജക്‌ട്‌ ഓഫീസര്‍ പി മുഹമ്മദ്‌ ഫസല്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ രവി സന്തോഷ്‌, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ പി ഫാറൂഖ്‌, ടി.കെ അബ്‌ദുള്‍ സലാം, കെ.എസ്‌.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ കെ.ടി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.