കോട്ടക്കുന്നില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ വരുന്നു

Story dated:Thursday May 7th, 2015,05 50:pm
sameeksha sameeksha

Miracle_Gardenമലപ്പുറം: കോട്ടക്കുന്നിനെ കൂടുതല്‍ മനോഹരിയാക്കാനായി രണ്ട്‌ കോടി ചെലവില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ നിര്‍മിക്കുന്നു. ദുബായ്‌ മിറാക്കിള്‍ ഗാര്‍ഡന്റെ മാതൃകയിലാണ്‌ ഗാര്‍ഡന്‍ ഒരുക്കുന്നത്‌. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ ഗാര്‍ഡനാണ്‌ കോട്ടക്കുന്നിലേത്‌.
ജമന്തി, പോയന്‍സെറ്റി, മോണിങ്‌ ഗ്ലോറി തുടങ്ങി 25 ഓളം വിവിധ ചെടികള്‍ ഗാര്‍ഡനിലുണ്ടാവും. മൂന്ന്‌ മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ പകുതിയോളം അര്‍ധ വൃത്താകൃതിയിലാവും ഇവയുടെ നിര്‍മാണമെന്നതിനാല്‍ കോട്ടക്കുന്നില്‍ നിന്നുള്ള കാഴ്‌ചയ്‌ക്ക്‌ ഗാര്‍ഡന്‍ തടസ്സമാവില്ല. നടപ്പാതയില്‍ തണല്‍ ലഭിക്കുന്ന വിധം 800 miracle garden model KOTTAKUNNUമീറ്ററോളം ഗാര്‍ഡനുണ്ടാവും. സ്റ്റീലില്‍ വിവിധ രൂപങ്ങള്‍ നിര്‍മിച്ച്‌ പ്രത്യേക ചെടി ചട്ടികള്‍ ഉപയോഗിച്ചാവും ഗാര്‍ഡന്‍ നിര്‍മിക്കുക. ചെടികള്‍ പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നത്‌ ഗാര്‍ഡനെ കൂടുതല്‍ മനോഹരമാക്കും. 24 മണിക്കൂറും നനയ്‌ക്കുന്നതിനായി ഡ്രിപ്‌ ഇറിഗേഷനും ഒരുക്കുന്നുണ്ട്‌. കോട്ടക്കുന്ന്‌ സമഗ്ര മാസ്റ്റര്‍പ്ലാനിലുള്‍പ്പെടുത്തിയാണ്‌ നിര്‍മാണം. പൂമ്പാറ്റകളെയും കിളികളെയും കൂടുതലായി ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെടികളാണ്‌ ഗാര്‍ഡനിലുണ്ടാവുക.
300 ഓളം മരങ്ങള്‍ നട്ട്‌ കോട്ടക്കുന്നിനെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തിയും ഉടന്‍ തുടങ്ങും. മൂന്ന്‌ വര്‍ഷം കൊണ്ട്‌ കായ്‌ക്കുന്ന ഈന്തപനകളുടെ തോട്ടവും കോട്ടക്കുന്നില്‍ ഒരുക്കുന്നുണ്ട്‌. ഔഷധ്യ സസ്യങ്ങള്‍, തണല്‍ മരങ്ങള്‍, വിവിധ ഇനം ഫലവൃക്ഷങ്ങള്‍ എന്നിവയാണ്‌ നടുന്നത്‌. ഇവയോടൊപ്പം പ്രത്യേക സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണവും തുടങ്ങും. രാവിലെയും വൈകീട്ടും സൈക്കിള്‍ ചവിട്ടുന്നതിനുള്ള സൗകര്യം ട്രാക്കിലുണ്ടാവും. മഴവീടുകളില്‍ എഫ്‌.എം റേഡിയോ, ആഘോഷ പരിപാടികള്‍ നടത്തുന്നതിന്‌ പാര്‍ട്ടി ഡെക്ക്‌ എന്നിവയും നിര്‍മിക്കുന്നുണ്ട്‌.
100 കോടിയുടെ വികസന പദ്ധതികളാണ്‌ മാസ്റ്റര്‍പ്ലാനിലുള്‍പ്പെടുത്തിയിട്ടുള്ളത്‌. മാസ്റ്റര്‍പ്ലാനിലുള്‍പ്പെട്ട പദ്ധതിയിലെ ആദ്യ ഘട്ടമായ ലേസര്‍ഷോയും സംഗീത ജലധാരയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. ജില്ലയുടെ സംസ്‌കാരവും ചരിത്രവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും വീക്ഷിക്കാന്‍ നിരവധി പേരാണ്‌ കോട്ടക്കുന്നിലെത്തുന്നത്‌. മിറാക്കിള്‍ ഗാര്‍ഡന്റെ നിര്‍മാണം ഒരു മാസത്തിനകം തുടങ്ങും. ആറ്‌ മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ അറിയിച്ചു.