മഞ്ചേരിയില്‍ നാടോടി സ്ത്രീക്ക് നേരെ അക്രമം;കൈകുഞ്ഞിന് കുത്തേറ്റു

മഞ്ചേരി: നാടോടി സ്ത്രീ അക്രമിക്കുന്നതിനിടെ അവരുടെ കൈകുഞ്ഞിന് കുത്തേറ്റു. മഞ്ചേരി കച്ചേരിപ്പടി ബസ്റ്റാന്റ് പരിസരത്ത് താമസിക്കുന്ന മുരുകേശന്റെയും കന്യാകുമാരിയുടെയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനാണ് പരിക്കേറ്റത്. യുവതിയുമായുള്ള വാക്ക് തര്‍ക്കത്തിനിടെ പ്രതി മേലാക്കം സ്വദേശി അയ്യൂബ് ഇവര്‍ക്ക് നേരെ കത്തി വീശുകയായിരുന്നു. ഇതാണ് കുട്ടിയുടെ കാലില്‍ കൊണ്ടത്.

പരിക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ആക്രിസാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിവരികയായരുന്ന ദമ്പതികള്‍ ഏറെ നാളായി ബസ്റ്റാന്റ് പരിസരത്താണ് താമസം. ഇവിടെ എത്തിയ അയ്യൂബ് വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് കന്യാകുമാരിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് തടുക്കാന്‍ കന്യാകുമാരിയുടെ സഹോദരന്‍ ശ്രമിച്ചതോടെ ഇയാള്‍ കത്തി വീശുകയായിരുന്നു. ഇതിനിടയിലാണ് കുഞ്ഞിന് കുത്തേറ്റത്.

അയ്യൂബ് കന്യാകുമാരിയെ കയ്യേറ്റം ചെയ്തതായും കുഞ്ഞിനെ കുത്തി പരിക്കേല്‍പ്പിച്ചതായും കാണിച്ച് മുരുകന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ മഞ്ചേരി പോലീസ് കേസെടുത്തു. അതെസമയം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

പരിക്കേറ്റ കുഞ്ഞിനെ ബുധനാഴ്ച രാവിലെ ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അറിയിച്ചു.ഗര്‍ഭിണിയായിരുന്ന സമയത്ത് കാഴ്ച കുറവുണ്ടായതിനെ തുടര്‍ന്ന് കന്യാകുമാരിടെ ശിശുസംരക്ഷണ വകുപ്പ് ഏറ്റെടുത്തിരുന്നു. പ്രസവശേഷം കാഴ്ച തിരിച്ചുകിട്ടിയതായും മുരുകനൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കന്യാകുമാരിയെയും കുഞ്ഞിനെയും അധികൃതര്‍ വിട്ടയക്കുകയായിരുന്നു.