തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരെ അതിക്രമം: പരാതി പരിഹാര സമിതിയില്ലെങ്കില്‍ പിഴ

മലപ്പുറം: സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളില്‍ 10ഉം അതില്‍ കൂടുതലും സ്‌ത്രീകളുണ്ടെങ്കില്‍ ഇന്റേനല്‍ കംപ്ലെയ്‌ന്റ്‌സ്‌ കമ്മിറ്റികള്‍ രൂപവത്‌കരിക്കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി അറിയിച്ചു. കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുക, നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നിവ തൊഴിലുടമയുടെ ചുമതലയാണ്‌. ഇതില്‍ വീഴ്‌ച വരുത്തിയാല്‍ 50000 രൂപ പിഴ ലഭിക്കുന്ന കുറ്റമാണ്‌. മുമ്പ്‌ ഇതേ കുറ്റത്തിന്‌ ശിക്ഷ ലഭിച്ചിട്ടുള്ള തൊഴിലുടമയ്‌ക്ക്‌ ഇരട്ടി ശിക്ഷ ലഭിക്കും. 2013ല്‍ നിലവില്‍ വന്ന നിയമത്തെക്കുറിച്ച്‌ പല സ്വകാര്യ സ്ഥാപന മേധാവികളും ഇക്കാര്യത്തെക്കുറിച്ച്‌ ബോധവാന്മാരല്ലെന്ന്‌ കണ്ടെത്തിയതിനാലാണ്‌ 2016 മെയ്‌ 26ന്‌ സാമൂഹിക നീതി വകുപ്പ്‌ സെക്രട്ടറി ഇതു സംബന്ധിച്ച്‌ പ്രത്യേക നിര്‍ദേശമിറക്കിയത്‌.