ഹാഷിഷ് ഓയിലുമായി തിരൂര്‍ സ്വദേശി എക്‌സൈസ് പിടിയില്‍

കുറ്റിപ്പുറം: ഹാഷിഷ് ഓയിലുമായി തിരൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി. തിരൂര്‍ സ്വദേശി ചാവടിപ്പറമ്പില്‍ ഷാജഹാന്‍(31) ആണ് പിടിയിലായത്. പ്രതിയില്‍ നിന്നും 60 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളില്‍ വ്യാപകമായി ഹാഷിഷ് ഓയില്‍ വില്‍പ്പനയും, ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് മലപ്പുറം ഡെപ്പ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കുറ്റിപ്പുറം എക്‌സൈസ് ഷാഡോ പാര്‍ട്ടിയെ നിയോഗിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലായത്.

കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിഇഒ മാരായ ഷിബുശങ്കര്‍, രാജീവ്, ഹംസ, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.