കെ.എസ്‌.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ കൂട്ടായ്‌മ വേണം; മുഖ്യമന്ത്രി

umman chandiമലപ്പുറം: കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷന്‍ കം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ നിര്‍മാണോദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കെ.എസ്‌.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത്‌ നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായി. പ്രതിസന്ധികളില്‍ നിന്ന്‌ കരകയറി കെ.എസ്‌.ആര്‍.ടി.സി. പുരോഗതിയുടെ പാതയിലേക്ക്‌ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരോഗതി നിലനിര്‍ത്താനും കെ.എസ്‌.ആര്‍.ടി.സി.യെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തിക്കാനും സര്‍ക്കാറും ജീവനക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മലപ്പുറം പാടേ മാറിയപ്പോഴും ജില്ലാ ആസ്ഥാനത്തെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷന്‍ വികസനം തൊടാതെ നിന്നിരുന്നത്‌ വലിയ പോരായ്‌മയായിരുന്നുവെന്നും അതിനാണ്‌ പരിഹാരമായതെന്നും വ്യവസായ- ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പട്ടികജാതി-പിന്നാക്കക്ഷേമ- ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍, പി. ഉബൈദുള്ള എം.എല്‍.എ., ടി.എ. അഹമ്മദ്‌ കബീര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍, നഗരസഭാ അധ്യക്ഷ സി.എച്ച്‌. ജമീല, ഉപാധ്യക്ഷന്‍ പുല്ലാണി സൈത്‌, ഒ. സഹദേവന്‍, പി. അബ്‌ദുല്‍ ഹമീദ്‌, ഇ. മുഹമ്മദ്‌ കുഞ്ഞി, നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആറ്‌ നിലകളിലായി നിര്‍മിക്കുന്ന ബസ്‌ ടെര്‍മിനലിന്റെ ആദ്യ നാല്‌ നിലകളുടെ നിര്‍മാണോദ്‌ഘാടനമാണ്‌ മുഖ്യമന്ത്രി നിര്‍വഹിച്ചത്‌. 2.15 ഏക്കര്‍ സ്ഥലത്ത്‌ 7.9 കോടി ചെലവില്‍ നിര്‍മിക്കുന്ന ബസ്‌ ടെര്‍മിനലില്‍ 50 ബസ്സുകള്‍ക്ക്‌ നിര്‍ത്തിയിടാനാകും. രണ്ട്‌ നിലകളുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കും. മഞ്ചേരിയിലെ എം.എസ്‌. മലബാര്‍ അസോസിയേറ്റ്‌സ്‌ ആണ്‌ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്‌.