തദ്ദേശീയര്‍ക്ക് ഗുണമുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും – മന്ത്രി

മലപ്പുറം: തദ്ദേശീയര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോട്ടക്കുന്ന് സാഹസിക പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോട്ടക്കുന്ന് പാര്‍ക്ക് മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ക്ക് മാതൃകയാണ്. മലപ്പുറത്തേക്ക് കൂടുതല്‍ സാഹസിക യാത്രക്കാരെ ആകര്‍ഷിക്കാന്‍ പാര്‍ക്കിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, കൗസിലര്‍ സലീന റസാഖ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ വി.പി അനില്‍കുമാര്‍, അഡ്വ. കെ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ ആദ്യത്തെ കൃത്രിമ സാഹസിക പാര്‍ക്കാണ് കോട്ടക്കുിന്നലേത്. ഒരു ഏക്കര്‍ സ്ഥലത്ത് ഒരുക്കിയ പാര്‍ക്കില്‍ ആകാശ സൈക്കിള്‍, സിപ് ലൈന്‍, സോര്‍ബ് ഫുട്‌ബോള്‍, ഗ്ലാസ് പാലം എന്നിവ ഒരുക്കിയിട്ടുണ്ട്. 55 അടി ഉയരത്തിലാണ് സൈക്ലിങ്ങിനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. മൂ്ന്ന് ലവലിലുള്ള സ്‌കൈ ചലഞ്ച് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണമാണ്. 18 ല്‍ അധികം സാഹസിക പരിപാടികളാണ് സ്‌കൈ ചലഞ്ചിലുള്ളത്. 2020 ല്‍ ഒളിമ്പിക് ഇനമായി ഉള്‍പ്പെടുത്തിയ വാള്‍ ക്ലൈംപിങും പാര്‍ക്കിലുണ്ട്.