കോട്ടക്കുന്ന്‌ ഫ്‌ളവര്‍ഷോ ഇന്ന്‌ തുടങ്ങും

flower_showമലപ്പുറം: കോട്ടക്കുന്ന്‌ ഫ്‌ളവര്‍ഷോക്ക്‌ ഇന്ന്‌ തുടക്കമാവും. ദിവസേനെ വൈകീട്ട്‌ 3.30 മുതല്‍ എട്ട്‌ വരെയാണ്‌ പ്രദര്‍ശനം. ഇരിട്ടി വി ഹെല്‍പ്‌ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ്‌ പുഷ്‌പ മേള നടത്തുന്നത്‌. 35000 ത്തില്‍ അധികം അലങ്കാര സസ്യങ്ങളുടെയും ചെടികളുടെയും പ്രദര്‍ശനവും വില്‍പ്പനയും മേളയിലുണ്ടാവും.
വിവിധയിനം റോസുകള്‍, ജെറിബ്ര, കലാഞ്ച്യ, പോയന്‍ സത്യ, സെവന്ത്യ, മേരിഗോള്‍ഡ്‌, ഹൈഡ്രാഞ്ചിയം, ലില്ല്യം തുടങ്ങിയ ചെടികളാണ്‌ പ്രധാനമായും പ്രദര്‍ശനത്തിലുണ്ടാവുക. ഇതോടൊപ്പം മരത്തിന്റെ വേരില്‍ തീര്‍ത്ത വിവിധ ശില്‌പങ്ങളും പ്രദര്‍ശനവുമുണ്ടാവും. ഗാര്‍ഡനിങ്‌ ഉപകരണങ്ങളുടെ പ്രദര്‍ശനം, ഉപയോഗം, വില്‌പ്പന എന്നിവയും ഇവയോടൊപ്പം ഒരുക്കിയിട്ടുണ്ട്‌. പ്രത്യേകം രൂപ കല്‍പ്പന ചെയ്‌ത ചെറു വെള്ളച്ചാട്ടവും പുഷ്‌പ മേളയ്‌ക്ക്‌ മാറ്റുകൂട്ടും. കോട്ടക്കുന്ന്‌ ടൂറിസം പാര്‍ക്കില്‍ ഹെലിപാഡിനോട്‌ ചേര്‍ന്നാണ്‌ മേള ഒരുക്കിയിട്ടുള്ളത്‌. ബലൂണ്‍ പാര്‍ക്ക്‌, സൈക്കിള്‍ ട്രാക്ക്‌ എന്നിവ തുറന്നതോടെ സഞ്ചാരികളുടെ തിരക്ക്‌ വര്‍ധിച്ചിരിക്കുകയാണ്‌ കോട്ടക്കുന്നില്‍.