എല്ലാവര്‍ക്കും സമത്വവും സാമ്പത്തിക സുരക്ഷയുമാണ്‌ സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനം – മന്ത്രി കുഞ്ഞാലിക്കുട്ടി

p k kunhalikutty copyമലപ്പുറം: വൈദേശികാധിപത്യത്തില്‍ നിന്ന്‌ രാജ്യത്തിന്റെ അധികാരം തിരിച്ച്‌ പിടിക്കല്‍ മാത്രമല്ല സ്വാതന്ത്ര്യമെന്നും എല്ലാവിഭാഗം ജനങ്ങള്‍ക്കും അഭിമാനകരവും സാമ്പത്തിക സുരക്ഷിതത്വവും സമത്വപൂര്‍ണവുമായ ജീവിതത്തിന്‌ അവസരമൊരുക്കുമ്പോഴാണ്‌ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതെന്നും വ്യവസായ- ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം എം.എസ്‌.പി. പരേഡ്‌ ഗ്രൗണ്ടില്‍ 69-ാമത്‌ സ്വാതന്ത്യദിനാഘോഷ പരേഡിന്‌ അഭിവാദ്യമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
നിരവധി കാലത്തെ ത്യാഗവും കഷ്‌ടപ്പാടും സഹിച്ചാണ്‌ പൂര്‍വികര്‍ നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തന്നത്‌. മുഴുവന്‍ ജനങ്ങള്‍ക്കും അര്‍ഥപൂര്‍ണവും അഭിമാനകരവുമായ ജീവിതം യാഥാര്‍ഥ്യമാക്കുമ്പോഴാണ്‌ ഈ സ്വാതന്ത്ര്യം പൂര്‍ണമാകുന്നത്‌. കഴിഞ്ഞ 68 വര്‍ഷവും ഇതിനുള്ള പരിശ്രമത്തിലും പോരാട്ടത്തിലുമായിരുന്നു നാം. വികസനരംഗത്ത്‌ രാജ്യം വലിയ കുതിച്ചുചാട്ടം നടത്തി. ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. കേരളവും അതോടൊപ്പം വളര്‍ന്നു. സാക്ഷരതയില്‍ സംസ്ഥാനം ഒന്നാമതെത്തി. ഐ.ടി. സാക്ഷരതയിലും മുന്നേറിയ കേരളം രാജ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവിത സുരക്ഷയാണ്‌ ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ഐക്യവും അഖണ്‌ഡതയും കാത്തുസൂക്ഷിക്കേണ്ടത്‌ എല്ലാവരുടെയും കടമയാണ്‌. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെങ്കിലും എല്ലാറ്റിനും സമന്വയത്തിലൂടെ പരിഹാരം കാണാന്‍ കഴിയുക എന്നതാണ്‌ രാജ്യത്തിന്റെ വിജയമെന്നും മന്ത്രി പറഞ്ഞു. ‘മാലിന്യത്തില്‍ നിന്നുള്ള മോചനം’ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.
സ്‌ത്രീകളും കുട്ടികളും വൃദ്ധരുമരടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി മന്ത്രി കുഞ്ഞാലിക്കുട്ടി ദേശീയപതാക ഉയര്‍ത്തി. എം.എസ്‌.പി. അസിസ്റ്റന്റ്‌ കമാന്‍ഡന്റ്‌ ഇ.കെ വിശ്വംഭരന്‍ പരേഡിന്‌ നേതൃത്വം നല്‍കി. സായുധ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ സി. ജാബിര്‍ സെക്കന്‍ഡ്‌ ഇന്‍-കമാന്‍ഡന്റ്‌ ആയി. എം.എസ്‌.പി, പ്രാദേശിക പൊലീസ്‌, സായുധ റിസര്‍വ്‌ പൊലീസ്‌, വനിതാ പൊലീസ്‌, വനം- എക്‌സൈസ്‌ വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, സ്‌കൗട്ട്‌സ്‌-ഗൈഡ്‌സ്‌, ജൂനിയര്‍ റെഡ്‌ ക്രോസ്‌, സ്റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റ്‌സ്‌ എന്നിവരടങ്ങിയ 34 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു.
പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ., ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍, പെരിന്തല്‍മണ്ണ സബ്‌കലക്‌ടര്‍ അമിത്‌ മീണ, അസി. കലക്‌ടര്‍ രോഹിത്‌ മീണ, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ദേബേഷ്‌ കുമാര്‍ ബെഹ്‌റ, എം.എസ്‌.പി. കമാണ്ടന്റ്‌ ഉമാ ബെഹ്‌റ, എ.ഡി.എം. കെ. രാധാകൃഷ്‌ണന്‍, തിരൂര്‍ ആര്‍.ഡി.ഒ. ജെ.ഒ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 7.30 ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ചു. ഏഴ്‌ മണിക്ക്‌ നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന്‍ മൈതാനത്ത്‌ നിന്ന്‌ തുടങ്ങി എം.എസ്‌.പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ മുഖ്യാതിഥി മന്ത്രി കുഞ്ഞാലിക്കുട്ടി റോളിങ്‌ ട്രോഫികള്‍ നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡലുകളും അദ്ദേഹം വിതരണം ചെയ്‌തു.