ഇഫ്താര്‍ വിരുന്നുകള്‍ക്കും ഇനി ഗ്രീന്‍ പ്രോട്ടോകോള്‍

മലപ്പുറം: റമദാന്‍ നോമ്പ് തുറ ചടങ്ങുകള്‍ ഹരിതമാര്‍ഗരേഖ പാലിച്ച് നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മതസംഘടന നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും നടക്കുന്ന പരിപാടികളും പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. നോമ്പ് തുറകള്‍ക്ക് ഡിസ്‌പോസിബ്ള്‍ ഗ്ലാസുകളും പ്ലേറ്റുകളും പൂര്‍ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

സംഘടനകള്‍ പ്രത്യേക ബോധവത്കരണം നടത്താനും വെള്ളിയാഴ്ച പള്ളിയില്‍ അറിയിപ്പ് നല്‍കാനും യോഗത്തില്‍ തീരുമാനമായി. പൂര്‍ണമായും ഹരിത നിയമാവലി പാലിക്കു മഹല്ലുകള്‍ക്ക് സമ്മാനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ഹരിത മാര്‍ഗരേഖ പാലിക്കുന്ന ക്ഷേത്രങ്ങള്‍ക്കും ചര്‍ച്ചുകള്‍ക്കും മഹല്ലുകള്‍ക്കും പ്രശംസപത്രവും സമ്മാനവും നല്‍കും.

ഹരിത മാര്‍ഗരേഖ പാലിച്ച് നടപ്പാക്കു കല്ല്യാണങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ പ്രശംസ പത്രവും പ്രത്യേക പ്രോത്സാഹനവും നല്‍കും. കഴിഞ്ഞ വര്‍ഷം റമദാനിലെ ആദ്യ വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ പള്ളിയില്‍ നേരിട്ടെത്തി ബോധവത്കരണം നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ചായയും പലഹാരങ്ങളും ഡിസ്‌പോസിബ്ള്‍ പാത്രങ്ങളില്‍ നല്‍കുവര്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്ന്് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി പ്രീതി മേനോന്‍, ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍ പി രാജു, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഒ ജ്യോതിഷ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്ലാസ്റ്റിക് ഡിസ്‌പോസിബ്ള്‍ പാത്രങ്ങള്‍ മാത്രമല്ല പേപ്പറില്‍ നിര്‍മിച്ചവയും പ്രശ്‌നമാണ്. പേപ്പര്‍ കപ്പുകളും പ്ലേറ്റുകളും ഒട്ടിക്കാന്‍ ഉപയോഗിക്കു പശ ആരോഗ്യത്തിന് ഹാനികരമാണ്. പേപ്പര്‍ കപ്പുകള്‍ അലിയാതിരിക്കാനായി മെഴുക് പോലുള്ള വസ്തുക്കള്‍ പേപ്പര്‍ കപ്പുകളിലും പാത്രങ്ങളിലും ഉപയോഗിക്കാറുണ്ട്. ചൂടുള്ള വസ്തുക്കള്‍ കഴിക്കുമ്പോള്‍ ഇത് വയറിലെത്തുകയും മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നിലവാരം കുറഞ്ഞ പേപ്പറാണ് ചില നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത്. സ്റ്റീല്‍ പാത്രങ്ങളേക്കാള്‍ വൃത്തിയും കുറവാണ് ഇത്തരം വസ്തുക്കള്‍ക്ക്. ഇത് കത്തിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന്് പിടിക്കുന്നതിലെ പ്രധാന കാരണവും ഡിസ്‌പോസിബ്ള്‍ വസ്തുക്കളാണ്. പകര്‍ച്ച വ്യാധി പടര്‍ന്ന്് പിടിച്ച ചില സ്ഥലങ്ങളില്‍ ഡിസ്‌പോസിബ്ള്‍ പാത്രങ്ങള്‍ കൂട്ടിയിട്ടതായും കൊതുക് പകരാന്‍ ഇത് കാരണമായതായും കണ്ടെത്തിയിരുന്നു.