അരീക്കോട്ട് മോഷണത്തിനിടെ വീട്ടമ്മയെ പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയ യുവാക്കള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കോഴിക്കോട് വടകര മയ്യന്നൂര്‍ സ്വദേശികളായ തട്ടാരത്ത് മീത്തല്‍ ഷാനവാസ്(35), പറമ്പത്ത് ഇസിമയില്‍(27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.

അരീക്കോട് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. മോഷ്ടാക്കള്‍ വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകയറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും കൈവശമുണ്ടായിരുന്ന ആഭരണങ്ങളും വിലകൂടിയെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തുകയും ചെയ്തു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഫോണിലെ സിം നഷ്ടമായതിനെ തുടര്‍ന്ന് യുവതി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുകയായിരുന്നു. ഇതിലേക്ക് വിളിച്ച യുവാക്കള്‍ നഗ്നഫോട്ടോ എടുത്ത ഫോണ്‍ തിരിച്ച് നല്‍കണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യുവതി അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികളെ തന്ത്രപൂര്‍വ്വം കോഴിക്കോട് മുക്കത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഫോണും ആഭരണങ്ങളും രേഖകളും പോലീസ് കണ്ടെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എം പി ഷൈജു, എസ് ഐ കെ.സിനോദ്, സിപിഒ ജിഗിഷ രാജരത്‌നം, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.