പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‌ അപേക്ഷിക്കാം

മലപ്പുറം: വിദേശത്ത്‌ ആറുമാസത്തിലധികം ജോലി ചെയ്യുകയൊ റസിഡന്റ്‌ പെര്‍മിറ്റ്‌ നേടി താമസിക്കുകയൊ ചെയ്യുന്ന 18 വയസ്‌ പൂര്‍ത്തിയായ കേരളീയര്‍ക്ക്‌ കേരള സര്‍ക്കാരിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്‌ അപേക്ഷിക്കാം. അപേക്ഷാ ഫോം സിവില്‍ സ്റ്റേഷനിലെ നോര്‍ക്ക സെല്ലില്‍ ലഭിക്കും. നിലവില്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും കേരളത്തിന്‌ പുറത്ത്‌ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കുമാണ്‌ കാര്‍ഡ്‌ നല്‍കുന്നത്‌. ഇത്‌ പ്രവാസി മലയാളികള്‍ക്ക്‌ കേരളത്തില്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. കാര്‍ഡ്‌ ഉടമകള്‍ക്ക്‌ അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന അംഗ വൈകല്യങ്ങള്‍ക്കും മരണത്തിനും രണ്ടു ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ലഭിക്കും. കാലാവധി മൂന്ന്‌ വര്‍ഷമാണ്‌. രിജിസ്‌ട്രേഷന്‍ ഫീസ്‌ 300 രൂപ. കാര്‍ഡ്‌ കാലാവധി തീര്‍ന്നവര്‍ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ലഭിക്കുന്നതിനായി കാലാവധിയുള്ള പാസ്‌പോര്‍ട്ട്‌, വിസ, കാര്‍ഡ്‌ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ വിസ ഉള്‍പ്പെടെയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്‌ അതത്‌ രാജ്യങ്ങളില്‍ നിലവിലുള്ള വിസ, തൊഴില്‍, താമസ പെര്‍മിറ്റിന്റെ പകര്‍പ്പ്‌ സഹിതമുള്ള അപേക്ഷകള്‍ അപേക്ഷകനോ കുടുംബാംഗമോ നോര്‍ക്ക ഓഫീസില്‍ നേരിട്ടോ തപാലിലൊ നല്‍കണം. വിവരങ്ങള്‍ ശരിയാണെന്ന്‌ വാര്‍ഡ്‌ മെമ്പര്‍/ കൗണ്‍സിലര്‍/പഞ്ചായത്ത്‌ പ്രസിഡന്റ്‌/ഗസറ്റഡ്‌ ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം. വിവരങ്ങള്‍ക്ക്‌ norkaroots.net ഫോണ്‍ 0483 2732922.