എം.ബി ഫൈസല്‍ മലപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥി

മലപ്പുറം: മലപ്പുറം ലോക സഭാഉപതെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.ബി ഫൈസല്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇന്ന് മലപ്പുറത്തു നടന്ന സിപിഐഎം ജില്ലാകമ്മിറ്റിയോഗമാണ് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയാണ് ഫൈസല്‍.

നേരത്തെ കമ്മിറ്റിയില്‍ ടി കെ ഹംസ, അഡ്വ.റഷീദ് അലി, അബ്ദുള്ള നവാസ്, എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ ഫൈസലിനെ തെരഞ്ഞെടുക്കുകയായിരുന്നു.

മണ്ഡലത്തില്‍ മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇ അഹമദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.