ഈജിപ്തില്‍ കാല്‍പന്തുതട്ടാന്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് മലപ്പുറത്തിന്റെ പയ്യന്‍

വള്ളിക്കുന്ന് : ഈജിപ്തില്‍ നടക്കുന്ന അണ്ടര്‍ 16 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കളത്തില്‍ പന്ത് തട്ടാന്‍ ഷഹബാസ് അഹമ്മദും. ചേലേമ്പ്ര എന്‍എന്‍എംഎച്എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷഹബാസ്.

22,23 ന് ഈജിപ്തുമായി ഫ്രണ്ട്ഷിപ്പ് കപ്പാണ് നടക്കുന്നത്. ഗോവയില്‍ ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനത്തിലുള്ള ശഹബാസ് 19-ന് മത്സരത്തിനായി ഈജിപ്തിലേക്ക് പുറപ്പെടും. മൊറയൂര്‍ അരിമ്പ്ര മൂത്തേടം ബഷീര്‍-സൗദ ദമ്പതികളുടെ മകനാണ് ഷഹബാസ്. 2014ല്‍ അണ്ടര്‍ 14 ല്‍ കേരള ചാമ്പ്യന്‍ 2016 ല്‍ നാഷണല്‍ ചാമ്പ്യന്‍ തുടങ്ങി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിനഭിമാനമാവാന്‍ ചേലേമ്പ്ര എന്‍എന്‍എംഎച്എസ് സ്‌കൂളിലെ ഫുഡ്ബാള്‍ ടീമിനായിരുന്നു.

സ്്കൂള്‍ കായികാധ്യാപകന്‍ മന്‍സൂറും ടീം മാനേജര്‍ ഇസ്മയിലുമാണ് കായിക താരങ്ങള്‍ക്ക് പ്രചോദനം. 2017ല്‍ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഫുഡ്ബാള്‍ ടീം, ബാഡ്മിന്‍ ടന്‍ ടീം, അമ്പൈത്ത് ടീം, ചെസ് ടീം എന്നിവയും തുടങ്ങുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മുന്‍ മലപ്പുറം ജില്ലാ സബ് ജൂനിയര്‍ ടീം ക്യാപ്റ്റനും കേരള ടീം അംഗവുമാണ് ഷഹബാസ്.