വീണ്ടും ഡിഫ്തീരിയ മരണം: ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

മലപ്പുറം:ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ മരണം. ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലത്ത് 14 കാരനാണ് ഇന്നലെ ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. ഇതേതുടര്‍ന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. വിദ്യാര്‍ഥി പഠിച്ചിരുന്ന പുളിക്കല്‍ എ.എം.എം. ഹൈസ്‌കൂളിലെ 225 കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി.

പനി ലക്ഷണമുള്ള രണ്ട് കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തു. മരിച്ച കുട്ടി പഠിച്ചിരുന്ന ഒന്‍പതാം ക്ലാസിലെ 45 പേര്‍ക്കും അധ്യാപകര്‍ക്കും പ്രൊഫിലാക്‌സിസ് ആന്റി ബയോട്ടിക് നല്‍കി. ഇവര്‍ക്ക് ടി.ഡി. വാക്‌സിന്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. ഈ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പ്രാഥമികമായി ബോധവത്കരണ ക്ലാസും നടത്തി.
ജൂണ്‍ 25 ന് രാവിലെ 10 നും 11 നും രണ്ട് ബാച്ചുകളിലായി വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണ ക്ലാസും ഉച്ചയ്ക്ക് രണ്ടിന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള വിപുലമായ യോഗവും നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.

തീരെ കുത്തിവയ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി എടുത്തവര്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടി.ഡി. വാക്‌സിന്‍ നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ അബ്ദുല്‍ വഹാബ്, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ആര്‍. രേണുക, ഡോക്ടര്‍മാരായ അനിതമ്മ ചെറിയാന്‍, സന്തോഷ്, ഡി.പി.എച്ച്.എന്‍. റജിലേഖ, ഫീല്‍ഡ് ജീവനക്കാരായ പ്രകാശ്, മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.