ബാലവേല: ഹോട്ടലുകളില്‍ സംയുക്ത പരിശോധന നടത്തും

മലപ്പുറം:ജില്ലയിലെ ഹോട്ടലുകളില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 14 വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ട്‌ പണിയെടുപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എല്ലാ മാസവും വിവിധ വകുപ്പുകളുടെ സംയുക്ത മിന്നല്‍ പരിശോധന നടത്തും. ജില്ലാ ലേബര്‍ ഓഫീസ്‌, സാമൂഹികനീതി വകുപ്പ്‌, പൊലീസ്‌, ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്‌ഷന്‍ യൂനിറ്റ്‌, ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ്‌ ലൈന്‍, സന്നദ്ധ സംഘടനയായ വേള്‍ഡ്‌ വിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തുക. പെരിന്തല്‍മണ്ണ സബ്‌ഡിവിഷനല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഹാളില്‍ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപന യോഗത്തിന്റേതാണ്‌ തീരുമാനം. ഉയര്‍ന്ന വയസ്‌ കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ ബാലവേല ചെയ്യിപ്പിക്കുന്നതും 18 വയസില്‍ താഴെയുള്ള കുട്ടികളെ ചൂഷണത്തിനു വിധേയമാക്കുന്നതും പരിശോധിച്ച്‌ നടപടിയെടുക്കും.

ജില്ലയിലെ ശിശു-ബാല സംരക്ഷണ- വികസന പ്രവര്‍ത്തനങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമിലേക്ക്‌ കൊണ്ട്‌ വരികയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ്‌ പരിപാടിയുടെ ലക്ഷ്യമെന്ന്‌ സബ്‌കലക്‌ടര്‍ പറഞ്ഞു. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ചില്‍ഡ്രന്‍സ്‌ ഹോമില്‍ പുനരധിവസിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കുകയും ചെയ്യും. സ്‌കൂളുകള്‍ക്ക്‌ സമീപം ലഹരി വസ്‌തുക്കളുടെ വില്‌പന തടയുന്നതിന്‌ എക്‌സൈസ്‌- ആരോഗ്യ വകുപ്പുകള്‍ പരിശോധന ശക്തമാക്കും.

ആദിവാസി കുട്ടികളുടെ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിന്‌ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്‌ 10 ശതമാനത്തിലേക്ക്‌ താഴ്‌ന്നതായി യോഗം വിലയിരുത്തി. ആദിവാസികളിലെ പണിയ, കാട്ടുനായ്‌ക്കര്‍ വിഭാഗക്കാര്‍ക്ക്‌ സ്‌കൂള്‍ യൂനിഫോമും ബാഗും മറ്റും വാങ്ങുന്നതിന്‌ 2000 രൂപ അനുവദിച്ചു വരുന്നുണ്ടെന്ന്‌ ഐ.ടി.ഡി.പി. ഓഫീസര്‍ അറിയിച്ചു.

പട്ടികവര്‍ഗ കുട്ടികളുടെ പ്ലസ്‌ വണ്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കയ്യെടുക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പൊതുവായ വിജയശതമാനം കുറയുമോ എന്ന ആശങ്ക മൂലം പല സ്‌കൂളുകളും ഇവര്‍ക്ക്‌ പ്രവേശനം നല്‍കാന്‍ അമാന്തം കാണിക്കുന്നുണ്ട്‌. മഞ്ചേരി എസ്‌.സി. പ്രീമെട്രിക്‌ ഹോസ്റ്റലില്‍ സയന്‍സ്‌ അധ്യാപകന്റെ ഒഴിവ്‌ നികത്തുന്നതിനും കുട്ടികള്‍ക്ക്‌ യൂനിഫോം അലവന്‍സ്‌ ലഭ്യമാക്കുന്നതിനും പട്ടികജാതി വികസന വകുപ്പ്‌ നടപടി സ്വീകരിക്കണം.
യോഗത്തില്‍ ജില്ലാ സാമൂഹികനീതി ഓഫീസര്‍ സുഭാഷ്‌ കുമാര്‍, ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്‌ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌, ചൈല്‍ഡ്‌ ലൈന്‍ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏകോപന സമിതിയുടെ അടുത്ത യോഗം സെപ്‌റ്റംബര്‍ 24 ന്‌ പെരിന്തല്‍മണ്ണയില്‍ നടക്കും.