പരപ്പനങ്ങാടിയില്‍ 16 കാരിയെ പീഡിപ്പിച്ച് ഒളിവില്‍പോയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മദ്രസ അധ്യാപകനെ പോലീസ് അറസ്‌ററ് ചെയ്തു. പരപ്പനങ്ങാടി ചിറമഗംലം സ്വദേശി അബ്ദുള്‍ അസീസ് അഹസാനി(43)യെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ പെണ്‍കുട്ടിയെ അഞ്ചാം ക്ലാസുമുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നു. ഈ കാര്യം പെണ്‍കുട്ടി തന്റെ ഡയറിയില്‍ എഴുതിവെച്ചിരുന്നു. ഈ ഡയറിക്കുറിപ്പ് ഒരു ദിവസം മദ്രസ അധ്യാപകനായ അസീസ് കാണുകയും, പിന്നീട് ഇക്കാര്യം പറഞ്ഞ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി തന്നെ പഠിപ്പിക്കുന്ന സ്‌കൂളിലെ അധ്യാപകരോട് വിവരം പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവം പുറത്തായതോടെ മദ്രസ അധ്യാപകനായ അസീസ് അഹ്‌സാനി ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ജോലി ചെയ്യുന്ന പള്ളിയില്‍ ഇയാള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പോലീസ് ചോദ്യംചെയ്തതില്‍ സമാനമായ തരത്തിലുള്ള മറ്റ് ചില കേസുകളിലും ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. പോക്‌സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles