ചേളാരിയില്‍ കളിക്കുന്നതിനിടെ പിണങ്ങി 12കാരന്‍ തൂങ്ങിമരിച്ചു

Untitled-1 copyതിരൂരങ്ങാടി: പ്രാവിനെ പറത്തിക്കളിക്കുന്നതിനിടയില്‍ സഹോദരനോടും കൂട്ടുകാരോടും പിണങ്ങിയ പന്ത്രണ്ടുകാരന്‍ വീടിന്റെ ജനലഴിയില്‍ തൂങ്ങി മരിച്ചു. ചേളാരി മുണ്ടിയന്‍മാട്‌ മനോജ്‌ ദാസിന്റെ മകന്‍ അശ്വിനാണ്‌ മരിച്ചത്‌.

ശനിയാഴ്‌ച രാവിലെയാണ്‌ സംഭവം നടന്നത്‌. വീടിന്റെ ടെറസിന്‌ മുകളില്‍ സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം പ്രാവിനെ പറത്തുകയായിരുന്നു അശ്വിന്‍. ഇതിനിടെ ഇവരോട്‌ പിണങ്ങി താഴേക്ക്‌ വരികയായിരുന്നു. കുറച്ച്‌ സമയത്തിന്‌ ശേഷം ഇവര്‍ താഴെ എത്തിയപ്പോള്‍ മുറി പൂട്ടിയിട്ടിരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെടുകയും വാതിലിനിടയിലൂടെ നോക്കിയപ്പോള്‍ അശ്വിന്‍ തൂങ്ങി നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കയറി അശ്വിനെ എടുത്ത്‌ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നവഴിയാണ്‌ മരണം സംഭവിച്ചത്‌.

ഡ്രൈവറായ മനോജ്‌ദാസും അങ്കണവാടി ജീവനക്കാരിയായ അമ്മ ബിന്ദുവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ചേളാരി വിഎ യുപി സ്‌കൂളിലെ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ അശ്വിന്‍.

തിരൂരങ്ങാടി എസ്‌ഐ ജോബിന്‍ ആന്റണി ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ നിന്നും പോസ്‌റ്റുമോര്‍ട്ടം ചെയ്‌തു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സഹോദരന്‍ അക്ഷയ്‌ (ചേളാരി വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാംക്ലാസ്‌ വിദ്യാര്‍ത്ഥി).