മലപ്പുറം ജില്ലയില്‍ തിരിയുന്ന ബിഎസ്‌എന്‍എല്‍ ബ്രോഡ്‌ബാന്റ്‌; കറങ്ങുന്ന ഉപഭോക്താക്കള്‍

സ്വകാര്യ കമ്പനികളെ സഹായിക്കാനെന്ന്‌ ആക്ഷേപം

Untitled-1 copyമലപ്പുറം: ഫോര്‍ജിയിലേക്ക്‌ കുതിക്കുമ്പോഴും കാളവണ്ടിയുഗത്തിലെ വേഗതയുമായി മലപ്പുറം ജില്ലയിലെ ബിഎസ്‌എന്‍എല്‍ ഇന്‍ര്‍നെറ്റ്‌ സംവിധാനം. നിരന്തരം ബന്ധം വിച്ഛേദിക്കപ്പെടുകയും മണിക്കുറുകളോളം കണക്ഷന്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നത്‌ പതിവായി മാറിയതോടെ പല ഉപഭോക്താക്കളും ബിഎസ്‌എന്‍എല്ലിന്‌ ഉപേക്ഷിച്ച്‌ മറ്റു സ്വകാര്യ സര്‍വ്വീസുകളിലേക്ക്‌ നീങ്ങിത്തുടങ്ങി.

മോഡത്തിന്റെ ലൈറ്റ്‌ കത്തിക്കിട്ടുന്നതുതന്നെ വളരെ സമയമെടുത്താണ്‌. പിന്നീട്‌ ലൈറ്റ്‌ കത്തിയാലും കണക്ഷന്‍ ആകാനും ചിലപ്പോള്‍ ഏറെ സമയമെടുക്കും. ഇങ്ങിനെ കണക്ഷന്‍ ലഭിച്ചാല്‍ തന്നെ അത്‌ ഇടക്കിടക്ക്‌ റദ്ദാക്കപ്പെടുകയും ചെയ്യുന്നതും സാധാരണണയായി മാറിയിരിക്കുകയാണ്‌.

ബിഎസ്‌എന്‍എല്‍ അധികൃതരും സ്വകാര്യകമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ്‌ ഇതിന്‌ പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്‌. ജില്ലയില്‍ റിലയന്‍സ്‌ 4 ജി സംവിധാനം നടപ്പിലാക്കനുള്ള പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ്‌ ഈ തകരാറുകള്‍ വ്യാപകമായതെന്നും ആക്ഷേപമുണ്ട്‌.

മലപ്പുറം ജില്ലയില്‍ 40,000 ബ്രോഡ്‌ ബാന്‍ഡ്‌ ഉപഭോക്താക്കളുണ്ട്‌. 3.5 കോടി രൂപ ഈയിനത്തില്‍ നിന്നു മാത്രമുള്ള വരുമാനം. എത്ര പരാതി നല്‍കിയാലും കാര്യമായ ഇടപെടല്‍ കമ്പനി നടത്തുന്നില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. ബ്രോഡ്‌ ബാന്റ്‌ നെറ്റ്‌ വര്‍ക്കിലുള്ള ഈ തകരാറുകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കളുടെ ഇടയില്‍ നിന്ന്‌ വലിയൊരു കൊഴിഞ്ഞുപോക്ക്‌ ഉണ്ടാക്കും.