മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ കാറിനുള്ളില്‍ പൊട്ടിത്തെറി

malappuramമലപ്പുറം: മലപ്പുറം സിവില്‍സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പൊട്ടിത്തെറി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ജില്ലാ പി.എസ്.സി ഓഫീസിനും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രൂക്ഷമായ വെടിമരുന്നിന്റെ ഗന്ധം ഉയര്‍ന്നതോടെ സ്‌ഫോടനമാണെന്ന നിഗമനത്തിലെത്തുകായിയരുന്നു പോലീസ്. സമീപത്ത് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പൊട്ടിത്തെറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്തു നിന്ന് ദ ബെയ്‌സ് മൂവ്‌മെന്റ് എന്ന് പുറത്തെഴുതിയ ഒരു കാര്‍ബോര്‍ഡ് പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് പോലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ളില്‍ ചില ലഘുലേഖകളാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഉള്ളടക്കം പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

സ്‌ഫോടനം ബോധപൂര്‍വമുള്ളതാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അഗ്നിശമന സേനയും ഡോഗ് സ്‌ക്വാഡുമുള്‍പ്പെടെ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.