എ.ടി.എം കൗണ്ടറിന്റെ ഡോര്‍ തകര്‍ന്ന നിലയില്‍ കണ്ടത്തെിയത്‌ ആശങ്കക്കിടയാക്കി.

Untitled-1 copyപള്ളിക്കല്‍: പള്ളിക്കലില്‍ എ.ടി.എം കൗണ്ടറിന്റെ ഡോര്‍ തകര്‍ന്ന നിലയില്‍ കണ്ടത്തിയത്‌ ആശങ്കക്കിടയാക്കി. പള്ളിക്കല്‍ ബസാര്‍ ബസ്‌ സ്റ്റാന്‍ഡ്‌ കെട്ടിടത്തിലെ എസ്‌.ബി.ഐ യുടെ എ.ടി.എം കൗണ്ടറിന്റെ ഡോറാണ്‌ തകര്‍ന്ന്‌ വീണ നിലയില്‍ കണ്ടത്‌. രാത്രി പെട്രോളിങ്ങിനിറങ്ങിയ തേഞ്ഞിപ്പലം എ.എസ്‌.ഐ വത്സന്‍, സി.പി.ഒ മാരായ എം.പി സുബൈര്‍, പ്രതാപ്‌, നന്ദകുമാര്‍ എന്നിവര്‍ പള്ളിക്കല്‍ ബസാറില്‍ പെട്രോളിങ്ങിനെത്തിയപ്പോള്‍ പുലര്‍ച്ചെ നാലരയോടെയാണ്‌ എ.ടി.എം കൗണ്ടറിന്റെ ഡോര്‍ കൗണ്ടറിന്റെ ഉള്‍ഭാഗത്തേക്ക്‌ തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തിയത്‌. ഉടനെ സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുകയും പൊലിസ്‌ സംഭവ സ്ഥലത്ത്‌ കാവലേര്‍പ്പെടുത്തുകയും ചെയ്‌തു. വിവരം ബാങ്ക്‌ അധികൃതരെ പൊലിസ്‌ അറിയിച്ചതനുസരിച്ച്‌ ബാങ്ക്‌ അധികൃതര്‍ അതിരാവിലെ എത്തുകയും ചെയ്‌തു. കഴിഞ്ഞ ദിവസം കൗണ്ടറില്‍ പണം നിക്ഷേപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കൗണ്ടറിന്റെ ഡോറിന്‌ കേടുപാടുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നതായി ബാങ്ക്‌ അധികൃതര്‍ പറഞ്ഞു. ഇതായിരിക്കാം ഡോര്‍ തകര്‍ന്നു വീഴാന്‍ കാരണമെന്നും മോഷണ ശ്രമമല്ലെന്നും പൊലിസ്‌ പറഞ്ഞു.