മലബാറി ന്യൂസ് മൂന്നാം വയസ്സിലേക്ക്

malabarinews logo2011 ഡിസംബര്‍ 31 ന് അര്‍ദ്ധരാത്രി മാധ്യമരംഗത്ത് സാന്നിദ്ധ്യമറിയിച്ച മലബാറി ന്യൂസ് ഇനി മൂന്നാം വര്‍ഷത്തിന്റെ കര്‍മ്മ പഥങ്ങളിലേക്ക്. അവഗണിക്കപ്പെട്ടു പോകുമായിരുന്ന പ്രാദേശിക വാര്‍ത്തകളെ അര്‍ഹിക്കുന്ന പരിഗണനയോടുകൂടി മുഖ്യധാരയിലെത്തിക്കുക എന്ന ദുഷ്‌ക്കരമായ ദൗത്യമായിരുന്നു, ബാലാരിഷ്ടതകളോടെയെങ്കിലും ഞങ്ങള്‍ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. ‘പ്രാദേശിക മനസ്സിന്റെ മാധ്യമ ജാഗ്രത’ എന്ന വിശേഷണത്തോട് ഒട്ടൊക്കെ നീതി പുലര്‍ത്തും വിധം ഈ ദൗത്യമേറ്റെടുക്കാന്‍ പോയനാളുകളില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഈ സന്ദര്‍ഭത്തില്‍ അഭിമാനത്തോടുകൂടി അനുസ്മരിക്കുകയാണ്.

പ്രാദേശികവും പരിവേഷ രഹിതവുമായ ജീവിത സമരങ്ങളോട് തോളുരുമ്മി നിന്നായിരുന്നു ഈ വര്‍ഷങ്ങളിലൊക്കെയും മലബാറി ന്യൂസ് സഞ്ചരിച്ചത്. ഭൗതിക സൗകര്യങ്ങളുടെ സമൃദ്ധിയായിരുന്നില്ല സ്‌നേഹമനസുകളുടെ സഹകരണമായിരുന്നു ഞങ്ങള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചുതന്നിരുന്നത്. ഒരു നാട്ടു ജീവിതത്തിന്റെ നാവായി തീരാനുള്ള ക്ലേശകരമായ ഈ യാത്രയില്‍ പരപ്പനങ്ങാടിയിലെ മറ്റ് മാധ്യമ സുഹൃത്തുക്കള്‍ തന്ന സംഭവനകളും അനുസ്മരിക്കപ്പെടാതെ വയ്യ. വായനാസമൂഹം കൂടെനിന്ന് എത്തിച്ച ഈ പുതുയുഗ പിറവിയില്‍ നിന്ന് നമുക്കൊരുമിച്ച് മുന്നോട്ടു പോകാം.

 പത്രാധിപര്‍