മഹിജയും അവിഷ്ണയും നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹിജയുമായി ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു എന്നിവരും മഹിജയും ബന്ധുക്കളുമായി വൈകിട്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി മഹിജയെ വിളിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. അഞ്ചിന് പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവത്തില്‍ മഹിജ നല്‍കിയ പരാതി പരിശോധിക്കുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിഷ്ണ വളയത്തെ വീട്ടിലുമാണ് നിരാഹാരം കിടന്നത്.