ബീഫ് നിരോധനം: മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

beefമുംബൈ: ബീഫ് നിരോധനം നടപ്പാക്കിയ മഹാരാഷ്ട്രയില്‍ ഇതുമായി ബന്ധപെട്ട് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നാസിക്കില്‍ രണ്ട് പശുക്കിടാവുകളെ അറുത്തതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്ക് എതിരായാണ് കേസ് എടുത്തത്.

ഇറച്ചിക്കായി പശുക്കിടാങ്ങളെ അറുത്തുവെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. ഇവര്‍ അറുത്ത പശുക്കിടാങ്ങളുടെ 150 കിലോ ഇറച്ചി പൊലീസ് പിടികൂടി. ആസിഫ് തലാതി, ഹമീദ്, റഷീദ് എന്നിവര്‍ക്ക് എതിരായാണ് കേസ് എടുത്തത്. പൊലീസ് എത്തിയതറിഞ്ഞ് ഇവര്‍ രക്ഷപ്പെട്ടു.

ഗോവധം നിരോധിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. മഹാരാഷ്ട്രയില്‍ മാര്‍ച്ച് രണ്ടിനാണ് ബീഫ് നിരോധിച്ചത്. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന വിധമാണ് നിയമം.

1996ല്‍ ബി ജെ പി ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി ബില്ലിന് 19 വര്‍ഷത്തിനു ശേഷം രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് നിയമം നിലവില്‍ വന്നത്