മധ്യപ്രദേശില്‍ രണ്ട്‌ തീവണ്ടികള്‍ പാളം തെറ്റി;മരണം 30

madhya-pradesh-trains-deraiഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട്‌ തീവണ്ടികള്‍ പാളം തെറ്റി മറിഞ്ഞു. ഹാര്‍ദ്ദയ്‌ക്ക്‌ സമീപം മചക്‌ നദിയുടെ പാലം കടക്കുന്നതിനിടയിലാണ്‌ രണ്ട്‌ ട്രെയിനുകളും മറിഞ്ഞത്‌. അപകടത്തില്‍ 30 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. 11 ബോഗികളാണ്‌ മറിഞ്ഞത്‌. അപകടത്തില്‍ നൂറോളം പേര്‍ക്ക്‌ പരുക്കേറ്റതായും സൂചനയുണ്ട.്‌ മുംബൈ-വാരണാസി കാമയാനി എക്‌സ്‌പ്രസ്‌, ജബല്‍പൂര്‍- മുംബൈ ജനതാ എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകളാണ്‌ ഒരേ സ്ഥലത്ത്‌ മറിഞ്ഞത്‌. കനത്ത മഴയെ തുടര്‍ന്ന്‌ ട്രാക്കിലേക്ക്‌ വെളളം കയറിയതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

കാമയാനി എക്‌സ്‌പ്രസിന്റെ 6 ബോഗികളും ജനതാ എക്‌സ്‌പ്രസിന്റെ എഞ്ചിനുള്‍പ്പെടെ 5 ബോഗികളുമാണ്‌ മറിഞ്ഞതെന്നാണ്‌ റിപ്പോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. 1000 പേര്‍ അപകടത്തില്‍പ്പെട്ടെതായും ഇവരില്‍ 300 പേരെ രക്ഷപ്പെടുത്തിയതായുമാണ്‌ റിപ്പോര്‍ട്ട്‌.

ഇന്നലെ രാത്രി 11.30 ഓടെയാണ്‌ കുദ്ദാവ റെയില്‍വെ സ്റ്റേഷനു സമീപം മചക്‌ പാലത്തിലൂടെ കടന്നുപോയ കാമയാനി എക്‌സ്‌പ്രസ്‌ പാളം തെറ്റുകയായിരുന്നു. തുടര്‍ന്ന്‌ രണ്ടാമത്തെ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്നും വന്ന ജനതാ എക്‌സ്‌പ്രസും ഇവിടെ വച്ചുതന്നെ പാളം തെറ്റി. ട്രാക്കില്‍ വെള്ളമുണ്ടായിരുന്നതായി ചില യാത്രക്കാര്‍ പറയുന്നു. ട്രാക്ക്‌ പൊട്ടിപ്പൊളിഞ്ഞതായി പ്രദേശവാസികളും വ്യക്തമാക്കിയിട്ടുണ്ട്‌.

കനത്തമഴയില്‍ നദിയില്‍ വെള്ളം കയറിയെന്നും വെളളത്തിന്റെ കുത്തൊഴുക്കില്‍ പാലത്തിന്‌ കേടുപാടുകള്‍ സംഭവിച്ചതാണെന്നും ഇതാണ്‌ അപകത്തിന്‌ ഇടയാക്കിയതെന്നും റെയില്‍വെമന്ത്രി സുരേഷ്‌ പ്രഭു ട്വിറ്ററിലൂടെ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന്‌ മധ്യപ്രദേശ്‌ വഴിയുള്ള 35 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഹെല്‍പ്പ്‌ ഡെസ്‌ക്‌;Bhopal: 07554001609, Harda: 9752460088, Bina: 07580222580, Itarsee:07572-241920, Mumbai: 02225280005