Section

malabari-logo-mobile

ഒരു കെണിയിലും കുടുങ്ങാത്ത പൂച്ച.

HIGHLIGHTS : തീവണ്ടിയില്‍ വായിച്ചു കൊണ്ടിരുന്നു. വണ്ടി പിടിക്കാന്‍ അതിരാവിലെ പിടഞ്ഞെഴുന്നേറ്റതിന്റെ ക്ഷീണമുണ്ടായിരുന്നു.ഒന്നു മയങ്ങിയുണരണമെന്നുണ്ട ്.പക്ഷെ മാര്‍...

meenakshi

 

 

തീവണ്ടിയില്‍ വായിച്ചു കൊണ്ടിരുന്നു. വണ്ടി പിടിക്കാന്‍ അതിരാവിലെ പിടഞ്ഞെഴുന്നേറ്റതിന്റെ ക്ഷീണമുണ്ടായിരുന്നു.ഒന്നു മയങ്ങിയുണരണമെന്നുണ്ട ്.പക്ഷെ മാര്‍ജാരന്‍ കയ്യിലുണ്ട്. അത് മടക്കി വെക്കാന്‍ തോന്നുന്നില്ല. വായിക്കുമ്പോഴും വായനക്കിടയില്‍ മടക്കി വെക്കുമ്പോഴും അടക്കാന്‍ ശ്രമിച്ചിട്ടും ചിരി പുറത്തേക്ക് വന്നു കൊണ്ടിരുന്നു.അത് കണ്ടിട്ടാകണം എതിരെ ഇരുന്ന ആള്‍ പുസ്തകത്തിന്റെ ടൈറ്റില്‍ വായിക്കാന്‍ ചട്ടയിലേക്ക്ചെരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.ആ യാത്രയില്‍ തന്നെ മണിലാല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളായ മാര്‍ജാരന്‍ വായിച്ചു തീര്‍ത്തു.നിയന്ത്രണത്തിനു പുറത്തേക്ക് ചിതറിയ എന്റെ ചിരി സഹയാത്രികര്‍ കണ്ടെങ്കിലും എന്റെ ഉള്ളില്‍ നുരഞ്ഞ അസൂയയും നഷ്ടബോധവും ആരും കണ്ടില്ലല്ലോ,ഭാഗ്യം.

marjaran coverജനിച്ചാല്‍  ഇങ്ങനേയും ജീവിക്കാം എന്നത് കൊതിപ്പിക്കുന്ന ജ്ഞാനോദയമായിരുന്നു.മനുഷ്യനിര്‍മ്മിതമായ ഒരു ചട്ടക്കൂടിലും ഒതുങ്ങിപ്പോകാത്ത,എന്നാല്‍ എല്ലാറ്റിലുമൊഴുകി ജീവിക്കുക,അത് ആരോടും പകയില്ലാതെ ഓര്‍മ്മിച്ചെഴുതാന്‍ കഴിയുക,അതിലൂടെ വായനക്കാരെ പ്രസാദാത്മകമായ ഒരവസ്ഥയിലേക്ക്ചിരിയുടെ വഴിയിലൂടെ ഉയര്‍ത്തുക അത്ര എളുപ്പമല്ല.

sameeksha-malabarinews

വീട്ടിലും പുറത്തും മറ്റെവിടേയും സ്വാതന്ത്ര്യത്തോടെ നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന,എന്നാലൊന്നിലുമിടപെടാതെ ചിലപ്പോഴൊക്കെ നമ്മുടെ കാല്‍ തഴുകിയുരുമ്മുന്ന പൂച്ചയെ പോലെ ഒരു ജീവിതം. മനുഷ്യനിര്‍മ്മിതമായ കുടുംബം,രാഷ്ട്രീയം,സദാചാര നിയമങ്ങള്‍, കാര്യാലയങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും പൊള്ളത്തരങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് തുറന്നുകാണിക്കുന്നു ഇതിലെ കുറിപ്പുകള്‍ .അതേ സമയം സഹജമായ ഭക്ഷണാഭിവാഞ്ച, സെക്‌സ്, കൂട്ടംചേരലുകള്‍ എന്നിവ തരുന്ന കേവല സന്തോഷങ്ങളെ ആഘോഷിക്കുകയും ചെയ്യുന്നു ഈ എഴുത്തുമാര്‍ജാരന്‍.

ശരീരത്തിലും വസ്ത്രങ്ങള്‍ക്കുമിടയിലെചൂട് ഞങ്ങള്‍ ആസ്വദിച്ചു എന്നിങ്ങനെ ഇന്ദ്രിയ സുഖങ്ങളില്‍ ഒരാഘോഷം.

ഇക്കാലത്ത് ക്ലീഷെ ആയി മാറിക്കഴിഞ്ഞ ”എഴുപതുകള്‍” എന്തായിരുന്നുവെന്ന് പുതുതലമുറക്ക് ഈ പുസ്തകം പറഞ്ഞുതരും.

മിഠായിമധുരം കാത്തിരിക്കുന്ന ആഗസ്റ്റ് 15,വലിയവരുടെ വര്‍ത്തമാനങ്ങളിലേക്ക് തുറന്നുവെച്ച ചെറുകാതുകള്‍….വേലിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ,മത്തങ്ങപ്പാടത്തിലൂടെ,കാട്ടുപൊന്തയിലൂടെ ഞാനും ഓടിപ്പോയി എന്റെ ബാല്യത്തിലേക്ക്.

എഴുത്തുകാരന്‍ ഒരു സിനിമക്കാരന്‍ കൂടി ആയതു കൊണ്ടാവാം പെടുന്നനെയുള്ള ചില പ്രത്യക്ഷപ്പെടലുകളുണ്ട് ഇതില്‍, മാഞ്ഞുപോകലുകളും.വടിയില്‍ പാമ്പെന്ന പോലെ പ്രത്യക്ഷപ്പെടുന്ന നെഷി എന്ന പെണ്‍കുട്ടി,ഉസ്മാനെ അത്ഭുതപ്പെടുത്തി സ്‌പെഷ്യല്‍ ഇഫക്‌റ്റോടെ ഉരുണ്ട ഭൂമിയില്‍ പെടുന്നനെ തെളിയുന്ന പലിശക്കാരന്‍ അടവരശന്‍, വയനാടന്‍ കാട്ടുപൊന്തയില്‍ നിന്നും ഫണങ്ങളുയര്‍ത്തി നോക്കി കുന്നിറങ്ങി പുഴയിറങ്ങി മാഞ്ഞുപോകുന്ന ബാലന്‍. ഇടക്ക് ചില സൌണ്ട് ട്രാക്കുകളും നമ്മുടെ കാതില്‍ കുത്തിത്തരുന്നുണ്ട് ഈ സംവിധായകന്‍.പ്രകൃതിദൃശ്യങ്ങള്‍ വരച്ചുവെക്കുന്നതിലും ഒരു സംവിധായകന്റെ വൈഭവം പ്രകടമാകുന്നു. മിന്നാഫ്രൈ മഹാളിയെ പ്രണയിക്കുമ്പോള്‍വായിക്കുമ്പോള്‍ ഒരു ചരിത്ര നോവല്‍ വായിക്കും പോലെ, ഒരു ചരിത്ര സിനിമ കാണും പോലെ തോന്നി. പഴമയുടെ, ഇരുളാര്‍ന്ന താഴ്‌വരയുടെ,വെയില്‍ പരന്ന മൈതാങ്ങളുടെ, കുന്നിന്‍പുറത്തെ ഏകാന്തഭവനത്തിന്റെ, തൃശൂര്‍ ടൗണിലെ തിരക്കിന്റെ, പൂരപ്പറമ്പിലെ തിമര്‍പ്പിന്റെഎല്ലാ ഗന്ധങ്ങളും താളങ്ങളും വെളിച്ചങ്ങളും അനുഭവിക്കാനാവുന്നു് ഈ ഓര്‍മ്മകളിലേക്കു മലര്‍ക്കെ തുറക്കുന്ന ഈ കുറിപ്പുകളില്‍.
ഇതില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളുണ്ട്. പെണ്മനസുകളെക്കുറിച്ചുള്ള അറിവുകളുണ്ട്. എന്നാല്‍ താനൊരു പ്രകൃതിവാദിയാണെന്നോ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആണെന്നൊ യാതൊരു നാട്യവും പ്രകടിപ്പിക്കുന്നുമില്ല.യാതൊരു ചട്ടക്കൂട്ടിലുമൊതുങ്ങാത്തതാണു ഈ പുസ്തകം.

ചരിത്രമാവാം,ആത്മകഥാകുറിപ്പുകളാവാം, യാത്രാവിവരണമാവാം,കഥകളാവാം.ഇതെല്ലാമാണു ഈ പുസ്തകം എന്നാണു എന്റെ തോന്നല്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!